കേരളത്തിൽ കെട്ടിക്കിടക്കുന്നത് കാലാവധി തീരാറായ 2.6 ലക്ഷം ഡോസ് വാക്സിൻ; നടപടിയെടുക്കാതെ സർക്കാർ

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ കാലാവധി തീരാറായി കെട്ടിക്കിടക്കുന്നത് 2.6 ലക്ഷം ഡോസിലധികം കൊവിഷീൽഡ് വാക്സിൻ. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കാലാവധി തീരുന്ന ഈ വാക്സിനുകൾ സർക്കാർ ഏറ്റെടുത്ത് കാലപരിധിയുള്ള വാക്സിനുകൾ പകരം നൽകണമെന്ന സ്വകാര്യ ആശുപത്രികളുടെ ആവശ്യത്തിൽ സർക്കാർ ഇതുവരെ അനുകൂല തീരുമാനം സ്വീകരിച്ചിട്ടില്ല. ഇതോടെ ലക്ഷകണക്കിന് ‍ഡോസ് വാക്സിനുകൾ സ്വകാര്യ ആശുപത്രികൾ നശിപ്പിച്ചു കളയേണ്ട അവസ്ഥയാണ്.

സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് വാക്സീന്‍ ലഭ്യമായതോടെ ജനം സ്വകാര്യ ആശുപത്രികളെ കയ്യൊഴിഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായി വാക്സീന് ലഭ്യമാകുമ്പോൾ 780 രൂപ കൊടുത്ത് ആരും സ്വകാര്യ ആശുപത്രിയിൽ നിന്ന് വാക്സീൻ എടുക്കാൻ തയ്യാറാകില്ല. ഈ പ്രശ്നം തുടർന്നതോടെ വലിയ അളവിൽ വാക്സിൻ പാഴാക്കുകയും ആശുപത്രിക്ക് പണം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉടലെടുത്തു. ഇതോടെ വാക്സീന്റെ തിരികെ എടുത്ത് പൊതുജനങ്ങൾക്ക് ഈ ഘട്ടത്തിൽ ഈ വാക്സീൻ വിതരണം ചെയ്യണമെന്ന് അഭ്യർത്ഥിച്ച് സ്വകാര്യ ആശുപത്രികൾ സർക്കാരിന് പലവട്ടം കത്ത് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 2ന് വിശദമയ യോ​​ഗം ചേർന്നെങ്കിലും ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല.

Top