കൊവിഡ് വാക്‌സിന്‍; കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി നല്‍കും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: വാക്‌സിനേഷനുള്ള പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് കേരള ആരോഗ്യവകുപ്പ്. 45 വയസിന് മുകളില്‍ പ്രായമായ കിടപ്പ് രോഗികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ വീടുകളിലെത്തി നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കിടപ്പ് രോഗികള്‍ക്ക് കോവിഡില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വീടുകളില്‍ പോയി അവര്‍ക്കുള്ള വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്.

ഇവരുടെ വാക്‌സീനേഷന്‍ പ്രക്രിയ ഏകീകൃതമാക്കാനാണ് ഇപ്പോള്‍ മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 45 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികളുടെ പട്ടിക തയ്യാറാക്കുകയും അവര്‍ വാക്‌സിനേഷന് തയ്യാറാണോയെന്ന് കണ്ടെത്തുകയും ചെയ്യും. തുടര്‍ന്ന് രോഗിയില്‍ നിന്നും വാകിസ്‌നേഷനായി സമ്മതം വാങ്ങണം. ദൈനംദിന ഗൃഹ പരിചരണ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഇവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം ഉറപ്പാക്കാവുന്നതാണ്. എല്ലാ വാക്‌സിനേഷന്‍ ടീം അംഗങ്ങളും കോവിഡ് പ്രോട്ടോകോളും പി.പി.ഇ. സുരക്ഷാ മാര്‍ഗങ്ങളും പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. വാക്‌സിന്‍ നല്‍കിയ ശേഷം അര മണിക്കൂറോളം രോഗിയെ നിരീക്ഷിക്കേണ്ടതാണ്. വാക്‌സിനേഷന്‍ സമയത്ത് ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായാല്‍ ഉപദേശത്തിനായി സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Top