18 വയസിന് മുകളിലുള്ള എല്ലാവർക്കും ഇന്ന് മുതൽ ബൂസ്റ്റർ ഡോസ് വാക്സിൻ

ഡൽഹി: പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്സിന്റെ കരുതൽ ഡോസ് ഇന്ന് മുതൽ സ്വീകരിക്കാം. മുൻഗണന പട്ടികയിലുള്ളവർ ഒഴികെ എല്ലാവർക്കും സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് കരുതൽ ഡോസ് വിതരണം. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം തികഞ്ഞവർക്ക് കരുതൽ ഡോസ് സ്വീകരിക്കാം. നേരത്തെ സ്വീകരിച്ച അതേ വാക്സീൻ തന്നെ കരുതൽ ഡോസായി എടുക്കണം. കരുതൽ ഡോസിനായി കോവിൻ ആപ്പിൽ രജിസ്റ്റർ ചെയേണ്ടതില്ല.

കൊവാക്സിൻ, കൊവിഷീൽഡ് ഡോസുകൾക്ക് 225 രൂപയാണ് ഈടാക്കുക. സർവീസ് ചാർജായി പരമാവധി 150 രൂപയെ ഈടാക്കാൻ പാടുള്ളൂ എന്ന് സർക്കാർ വിതരണ കേന്ദ്രങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 18 വയസ് പിന്നിട്ട് എല്ലാ ഇന്ത്യൻ പൗരൻമാർക്കും കൊവിഡ് ബൂസ്റ്റ‍ർ ഷോട്ടുകൾ നൽകാനുള്ള കേന്ദ്രസ‍ർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് വാക്സീനുകളുടെ വില കുത്തനെ കുറയ്ക്കാൻ ഭാരത് ബയോടെക്കും പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടും തീരുമാനിച്ചത്. സ്വകാര്യ ആശുപത്രികൾക്ക് നൽകുന്ന കൊവിഡ് വാക്സീൻ ഡോസുകളുടെ വിലയാണ് ഇരുകമ്പനികളും വെട്ടിക്കുറിച്ചത്.

Top