സംസ്ഥാനത്തെ നാല് ജില്ലകളില്‍ നാളെ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ നാല് ജില്ലകളില്‍ നടത്താന്‍ തീരുമാനം. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ച ഡ്രൈ റണ്‍ നടത്തുക. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളില്‍ ഓരോ ആശുപത്രികളിലും ഡ്രൈ റണ്‍ നടത്തും. ജനുവരി 2 മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വക്താക്കള്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ നാല് സംസ്ഥാനങ്ങളില്‍ രണ്ട് ദിവസത്തെ ഡ്രൈ റണ്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു. ആന്ധ്ര പ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ രാജ്‌കോട്ട്, ഗാന്ധി നഗര്‍, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗര്‍ (നവന്‍ഷഹര്‍), അസമിലെ സോണിത്പുര്‍, നല്‍ബാരി എന്നീ ജില്ലകളിലാണ് രണ്ട് ദിവസത്തെ ഡ്രൈ റണ്‍ നടത്തിയത്.

Top