കൊവിഡ് വാക്‌സിന്‍; 51ഓളം പേര്‍ക്ക് ചെറിയ അസ്വസ്ഥതകളെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവച്ച 51 ഓളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ചെറിയ രീതിയില്‍ അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. വാക്സിന്റെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്നാണോ പ്രതികൂല സംഭവങ്ങള്‍ ഉണ്ടായതെന്ന് വ്യക്തമല്ല. ഇതില്‍ രണ്ട് കേസുകള്‍ ചരക് ആശുപത്രിയില്‍ നിന്നും മറ്റ് രണ്ട് കേസുകള്‍ നോര്‍ത്തേണ്‍ റെയില്‍വേ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ നിന്നുമാണ് പുറത്തുവരുന്നത്.

ഡല്‍ഹിയിലെ തെക്ക്, തെക്ക് പടിഞ്ഞാറന്‍ ജില്ലകളില്‍ 11 കേസുകളും, പശ്ചിമ ദില്ലി, കിഴക്കന്‍ ഡല്‍ഹി എന്നിവിടങ്ങളില്‍ ആറ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. തെക്കുകിഴക്കന്‍ ജില്ലയിലും ന്യൂഡല്‍ഹിയിലും അഞ്ച് കേസുകള്‍ വീതമുണ്ട്. ഇങ്ങനെ വിവിധ സ്ഥലങ്ങളിലായി 51ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, വാക്സിനേഷന് ശേഷമുള്ള ഗുരുതരമായ പ്രശ്നത്തെ തുടര്‍ന്ന് ഒരു വാക്സിന്‍ സ്വീകര്‍ത്താവിനെ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) പ്രവേശിപ്പിച്ചിരിക്കുകയാണ്. വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെ ഇദ്ദേഹത്തിനും അലര്‍ജിയും ശ്വാസതടസവും തലവേദനയും ഉണ്ടായതായാണ് റിപ്പോര്‍ട്ട്. വാക്‌സിന്റെ പാര്‍ശ്വ ഫലമായിട്ടാണ് ഈ അലര്‍ജിയുണ്ടായതെന്നാണ് സൂചന.

അതേസമയം, രാജ്യത്ത് ആദ്യ ദിനം വാക്സിന്‍ 1.91 ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഡല്‍ഹി എംയിസിലെ ശുചീകരണ തൊഴിലാളി മനീഷ് കുമാറിന് ആദ്യ വാക്സിന്‍ നല്‍കിയാണ് രാജ്യത്ത് വാക്സിനേഷന്‍ ദൗത്യം ആരംഭിച്ചത്. ആദ്യ ദിവസം മൂന്ന് ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നെങ്കിലും 1.91 ലക്ഷം പേര്‍ക്ക് മാത്രമാണ് കുത്തിവയ്പ്പ് എടുക്കാനായത്.

Top