കോവാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്‍പ് സമ്മത പത്രം നല്‍കണം

ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ സ്വീകരിക്കുന്നവര്‍ പ്രത്യേക സമ്മതപത്രം നല്‍കണം. ‘ക്ലിനിക്കല്‍ ട്രയല്‍ മോഡി’ല്‍ ആണ് വാക്സിന്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് സമ്മത പത്രം ആവശ്യമായി വരുന്നത്. വാക്സിന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കും. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പൊതുതാല്‍പര്യം മുന്‍നിര്‍ത്തി മുന്‍കരുതലുകളോടെ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനാണ് കോവാക്സിന് അനുമതി നല്‍കിയിരിക്കുന്നതെന്ന് ഈ അനുമതി പത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, വാക്സിന്റെ കാര്യക്ഷമത ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും മൂന്നാം ഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതില്‍ വ്യക്തമാക്കുന്നു.

വാക്സിന്‍ സ്വീകരിച്ച ശേഷം ഏതെങ്കിലും തരത്തിലുള്ള ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അംഗീകൃത ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടണം. വാക്സിന്റെ പാര്‍ശ്വഫമാണെന്ന് തെളിയിക്കപ്പെട്ടാല്‍ വാക്സിന്‍ ഉല്‍പ്പാദകരായ ഭാരത് ബയോടെക് നഷ്ടപരിഹാരം നല്‍കുമെന്നും സമ്മതപത്രത്തില്‍ പറയുന്നു.

നിലവില്‍ ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പ്പാദിപ്പിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നിവയ്ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഇന്നു മുതല്‍ ഈ വാക്സിനുകള്‍ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. കോവാക്സിന്‍ പരീക്ഷണത്തിന്റെ അവസാനഘട്ടം പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിനു മുന്‍പ് ഈ വാക്സിന്‍ വിതരണം ചെയ്യുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, രണ്ടു വാക്സിനുകളും സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top