കൊവിഡ് വാക്‌സിന് ഇന്ത്യയ്ക്ക് നന്ദി; ഹനുമാന്റെ ചിത്രം ട്വീറ്റ് ചെയ്ത് ബ്രസീല്‍ പ്രസിഡന്റ്

ന്യൂഡല്‍ഹി:കോവിഡ് വാക്സിന്‍ കയറ്റുമതി ചെയ്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദിയറിച്ച് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോയുടെ ട്വീറ്റ്. ആഗോളപ്രതിസന്ധി മറികടക്കാനുള്ള യജ്ഞത്തില്‍ ഉത്കൃഷ്ടനായ പങ്കാളിയെ ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ബൊല്‍സനാരോ ട്വീറ്റില്‍ അറിയിച്ചു. രണ്ട് ദശലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകളാണ് ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്ക് അയച്ചത്.

ബ്രസീലിയന്‍ ഭാഷയിലാണ് ട്വീറ്റെങ്കിലും അഭിസംബോധന ചെയ്യാന്‍ നമസ്‌കാര്‍, നന്ദിയറിയിക്കാന്‍ ധന്യവാദ് എന്നീ ഹിന്ദി വാക്കുകളാണ് ബൊല്‍സനാരോ ഉപയോഗിച്ചത്. ട്വീറ്റിന്റെ ഇംഗ്ലീഷ് പരിഭാഷ ആദ്യ റിപ്ലൈയായി ട്വീറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാനുള്ള മൃതസഞ്ജീവനിക്കായി ഗന്ധമാദനപര്‍വതം കൈയിലേന്തി ആകാശത്തൂടെ നീങ്ങുന്ന ഹനുമാന്റെ ചിത്രവും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകത്തിലെ നൂറോളം രാജ്യങ്ങള്‍ കോവിഡ് വാക്സിന് വേണ്ടി ഇന്ത്യയെ സമീപിച്ചു കഴിഞ്ഞു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് 14.17 ദശലക്ഷം കോവിഷീല്‍ഡ് ഡോസുകള്‍ ഇതിനോടകം വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ദ ബ്യൂറോ ഓഫ് സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യന്‍ അഫയേഴ്സും(എസ് സി എ)ഇന്ത്യയുടെ വാക്സിന്‍ കയറ്റുമതിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു.

 

Top