കോവിഡ് വാക്‌സിനേഷന്‍; വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് പ്രത്യേക പരിഗണന

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വാക്‌സിനേഷനില്‍ വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കായോ പഠനത്തിനായോ പോകുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

വാക്‌സിന്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയിട്ടുള്ള വാക്‌സിന്‍ സ്‌റ്റോക്കില്‍ നിന്നുമാണ് ഈ വിഭാഗക്കാര്‍ക്ക് വാകിനേഷന്‍ ലഭ്യമാക്കുക. ജില്ലാ അധികാരികള്‍ വിസ, വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ രേഖകള്‍, ജോലി/ വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയ രേഖകള്‍ പരിശോധിച്ച് വേണം വാക്‌സിന്‍ നല്‍കുവാന്‍.സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി അടുത്തിടെ ഉള്‍പ്പെടുത്തിയിരുന്നു.

പല വിദേശ രാജ്യങ്ങളിലും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ രജിസ്‌ട്രേഷനായി ആധാര്‍ കാര്‍ഡ്, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഇവ നല്‍കിയിട്ടുള്ളവരുടെ സര്‍ട്ടിഫിക്കറ്റില്‍ അവയാണ് രേഖപ്പെടുത്തുക. വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കോ പഠനത്തിനോ ആയി പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രത്യേക ഫോര്‍മാറ്റില്‍ നല്‍കുന്നതാണ്. ഈ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തും. ജില്ലാ മെഡിക്കല്‍ ഓഫീസറെയാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.

Top