ചരിത്ര നേട്ടം; കൊവിഡ് വാക്‌സിനേഷനില്‍ 150 കോടി പിന്നിട്ട് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ 150 കോടി വാക്‌സിനുകളെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കൊല്‍ക്കത്തയിലെ ചിത്തരഞ്ജന്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ രണ്ടാമത്തെ ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രായപൂര്‍ത്തിയായ ജനസംഖ്യയുടെ 90 ശതമാനംപേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. രാജ്യത്തിന് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് ശാസ്ത്രജ്ഞരും വാക്‌സിന്‍ നിര്‍മ്മാതാക്കളും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള എല്ലാവരുടെയും പരിശ്രമം മൂലമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കി തുടങ്ങിയെന്നും അദ്ദേഹം സൂചിപ്പിച്ചു.

പശ്ചിമബംഗാളിന് ഇതുവരെ 11 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ കേന്ദ്രം സൗജന്യമായി നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പശ്ചിമബംഗാളിന് 1.5 ആയിരത്തിലധികം വെന്റിലേറ്ററുകളും ഒമ്പതിനായിരത്തിലധികം പുതിയ ഓക്‌സിജന്‍ സിലിണ്ടറുകളും നല്‍കിയിട്ടുണ്ട്. കൂടാതെ നിരവധി ഓക്‌സിജന്‍ പ്ലാന്റുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top