കോവിഡ് വാക്‌സിനേഷന്‍ ഡാറ്റാ ചോര്‍ച്ച; കേന്ദ്രത്തിന് കത്തയച്ച് എ.എ.റഹീം

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ ഡാറ്റാ ചോര്‍ച്ചയില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ച് എഎ റഹീം എംപി. കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ വ്യക്തിഗത വിവരങ്ങളും രേഖകളും ചോര്‍ന്നതുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്തി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യക്ക് എ.എ. റഹീം എം.പി. കത്തയച്ചത്.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് അടക്കമുള്ള രേഖകളുടെ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി, മുന്‍ കേന്ദ്ര മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കന്മാര്‍ അടക്കമുള്ളവരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കേന്ദ്രസ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും പക്കലുള്ള വിവരങ്ങളും രേഖകളും ചോരുന്നത് തുടര്‍ക്കഥയാവുകയാണെന്നും എം.പി കത്തില്‍ സൂചിപ്പിച്ചു.

ഡാറ്റാ ചോര്‍ച്ച അതീവ ഗൗരവമുള്ളതാണെന്നും ആരോഗ്യ ഡാറ്റ സംബന്ധിച്ച സൈബര്‍ സുരക്ഷ ശക്തമാക്കണമെന്നും കത്തിലൂടെ എ.എ. റഹീം എം.പി. ആവശ്യപ്പെട്ടു.

Top