രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 87 ലക്ഷം പിന്നിട്ടു

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 87.73 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 44,684 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 3828 കേസുകളുടെ കുറവും ഉണ്ടായിട്ടുണ്ട്. ഒരു ദിവസത്തിനിടെ 520 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 87,73,479 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 4,80,719 പേര്‍ നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്.

 

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയ പല സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണവും മരണ സംഖ്യയും വീണ്ടും കുതിക്കുകയാണ്. ഡല്‍ഹിയില്‍ 7802 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 91 മരണമാണ്‌ ഡല്‍ഹിയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.8% ആണ്‌ ഡല്‍ഹിയില്‍. വ്യാഴാഴ്ച മാത്രം 104 മരണങ്ങളാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്. 88,124 പുതിയ കേസുകളാണ് ഈ 13 ദിവസത്തിനിടയില്‍ ഡല്‍ഹിയില്‍ മാത്രം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.

 

1,29,188 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടത്. ലോകത്ത് യു.എസ്. കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍ അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ്.

Top