സൗദി അറേബ്യയില്‍ ഇന്ന് 1,793 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ആശ്വാസമായി കോവിഡ് ബാധിതരിലെ ഗുരുതരസ്ഥിതിയുള്ളവരുടെ എണ്ണം ആയിരത്തില്‍ താഴെയായി. നിലവില്‍ ചികിത്സയില്‍ കഴിയുന്ന 23,363 പേരില്‍ 979 പേരുടെ നിലയാണ് ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

അതേസമയം 24 മണിക്കൂറിനിടെ 1,793 പേര്‍ക്കാണ് പുതിയതായി സൗദി അറേബ്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 3,207 പേര്‍ സുഖം പ്രാപിച്ചു. രാജ്യവ്യാപകമായി കൊവിഡ് മൂലം രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,34,389 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,02,049 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 8,977 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.59 ശതമാനവും മരണനിരക്ക് 1.22 ശതമാനവുമായി. 24 മണിക്കൂറിനിടെ 99,385 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 546, ദമ്മാം 125, ജിദ്ദ 121, ഹുഫൂഫ് 62, മക്ക 61, ജിസാന്‍ 51, മദീന 47 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,97,85,536 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 2,58,08,684 ആദ്യ ഡോസും 2,39,85,081 രണ്ടാം ഡോസും 99,91,771 ബൂസ്റ്റര്‍ ഡോസുമാണ്.

Top