രാജ്യത്ത് വീണ്ടും മൂന്ന് ലക്ഷത്തോളം പുതിയ കൊവിഡ് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,85,914 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. മുന്‍ ദിവസത്തെ അപേക്ഷിച്ച് 11.7 ശതമാനം വര്‍ദ്ധനവാണ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്. 2.55 ലക്ഷം കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22,23,018 ആണ്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ശതമാനത്തില്‍ നിന്നും 16.16 ശതമാനമായി ഉയര്‍ന്നു. 665 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 4,91,127 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 93.23 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്.

അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടന്നതോടെ സാഹചര്യം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം 55,475പേര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള ജില്ലകള്‍. ഇനിയും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. സംസ്ഥാനമാകെ അഞ്ച് ലക്ഷത്തോളം പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 100 ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

Top