കൊവിഡ് വ്യാപനം ;ചൈന 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ട്രംപ്

വാഷിംഗ്ടണ്‍ ഡി.സി: കൊവിഡിനു കാരണമായ സാര്‍സ്-കോവി-2 വൈറസ് ചൈനയിലെ പരീക്ഷണശാലയില്‍ നിന്ന് ചോര്‍ന്നതാണെന്ന സിദ്ധാന്തത്തിന് വീണ്ടും ജീവന്‍വെച്ച സാഹചര്യത്തില്‍ ചൈന ലോകത്തിന് 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.) വീണ്ടും അന്വേഷിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും അടങ്ങുന്ന രാജ്യങ്ങള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന.

‘ഇപ്പോള്‍ എന്നെ ആദ്യം എതിര്‍ത്ത എന്റെ എതിരാളികള്‍ പോലും ഞാന്‍ ശരിയായിരുന്നുവെന്നാണ് പറയുന്നത്. ചൈന നഷ്ടപരിഹാരമായി 10 ട്രില്യണ്‍ ഡോളര്‍ അമേരിക്കയ്ക്കും ലോകത്തിനുമായി നല്‍കണം. അവര്‍ മൂലം ഉണ്ടായ മരണങ്ങള്‍ക്കും നാശത്തിനും പകരമായാണ് അത്” ട്രംപ് പ്രസ്താവനയില്‍ വ്യക്തമാക്കി.

കൊവിഡിന്റെ തുടക്കം മുതല്‍ തന്നെ കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് പടര്‍ന്നതാണെന്ന പക്ഷക്കാരനായിരുന്നു ട്രംപ്. കൊറോണ വൈറസിനെ അദ്ദേഹം ചൈനിസ് വൈറസ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങള്‍ പലപ്പോഴും അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ നീക്കം ചെയ്യുക പോലുമുണ്ടായി. പലപ്പോഴും ബൈഡനടക്കുമുള്ള എതിരാളികള്‍ ട്രംപിനെ ഇതിന്റെ പേരില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിച്ച് 90 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ യു.എസ്. ഇന്റലിജന്‍സ് ഏജന്‍സികളോട് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടിട്ടുണ്ട്.

ബൈഡന്റെ മെഡിക്കല്‍ ഉപദേഷ്ടാവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ ഡയറക്ടറുമായ ഡോ. ആന്തണി ഫൗച്ചിയും പുനരന്വേഷണത്തിന് ഡബ്ല്യു.എച്ച്.ഒ.യോട് അഭ്യര്‍ഥിച്ചു.

ലാബില്‍നിന്ന് ചോര്‍ന്നതാണെന്ന സിദ്ധാന്തം അതുവരെ അംഗീകരിക്കാതിരുന്നയാളാണ് ഫൗച്ചി. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ആര്‍ക്കും 100 ശതമാനം അറിവില്ലാത്തതിനാല്‍ പുനരന്വേഷണം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

ഡബ്ല്യു.എച്ച്.ഒ. അന്വേഷണസംഘം തള്ളിക്കളഞ്ഞതാണ് ഈ സിദ്ധാന്തമെങ്കിലും കൂടുതല്‍ അന്വേഷണം വേണ്ടതുണ്ടെന്ന് സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രെയേസുസും പറഞ്ഞു.

മുമ്പും ഇങ്ങനൊരാവശ്യം അദ്ദേഹം ഉന്നയിച്ചിരുന്നു. ഒരിക്കല്‍ക്കൂടി ചൈന സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തണമെന്ന് ഡബ്ല്യു.എച്ച്.ഒ.യുടെ അന്വേഷണസംഘത്തിലുണ്ടായിരുന്ന ഡച്ച് വൈറോളജിസ്റ്റ് മരിയന്‍ കൂപ്മാന്‍സും ആവശ്യപ്പെട്ടിട്ടുണ്ട്.

 

Top