കെടി ജലീലിനെതിരെ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കോവിഡ്

ആലപ്പുഴ: ആലപ്പുഴയില്‍ മന്ത്രി കെടി ജലീലിനെതിരായി കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ്സ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ടിജിന്‍ ജോസഫിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച കാര്യം ടിജിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.

തനിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എല്ലാം ക്വാറന്റൈനില്‍ പോകണമെന്നും ടിജിന്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ്സ് കളക്ട്രേറ്റ് മാര്‍ച്ചിലും ജലീലിനെ കരിങ്കൊടി കാണിച്ച പ്രതിഷേധ സമരങ്ങളിലും ടിജിന്‍ പങ്കെടുത്തിരുന്നു. ഡിസിസി പ്രസിഡന്റ് ഉള്‍പ്പടെ നൂറുകണക്കിന് ആളുകളാണ് ടിജിനുമായി ഈ കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയത്.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൊണ്ട് മാസ്‌ക്ക് പോലും ശരിയായ വിധത്തില്‍ ധരിക്കാതെ ടിജിന്‍ സമരങ്ങളില്‍ പങ്കെടുത്തു എന്നതാണ് സാമൂഹമാധ്യമങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതോടെ നിയന്ത്രിക്കാനെത്തിയ പൊലീസുകാര്‍ക്കും ടിജിനുമായി സമ്പര്‍ക്കം വന്നിട്ടുണ്ട്.

Top