ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ കളിക്കാരടക്കം ഏഴ് പേര്‍ക്ക് കൊവിഡ്

ലണ്ടന്‍: ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ കളിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മൂന്ന് കളിക്കാരടക്കം ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് കളിക്കാര്‍ക്ക് പുറമെ നാല് മാനേജ്‌മെന്റ് അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാനെതിരായ ഏകദിന-ടി20 പരമ്പരകള്‍ തുടങ്ങാനിരിക്കെയാണ് ഇംഗ്ലണ്ട് ടീമിലെ കളിക്കാരടക്കം ഏഴ് പേര്‍ക്ക് ഇന്നലെ നടത്തിയ പിസിആര്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. എട്ടിന് കാര്‍ഡിഫിലാണ് ഇഗ്ലണ്ട്-പാക്കിസ്ഥാന്‍ ആദ്യ ഏകദിനം.

യുകെ സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ മാനദണ്ഡപ്രകാരം കൊവിഡ് സ്ഥിരീകരിച്ച കളിക്കാരെ ഐസൊലേഷനില്‍ വിടുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഇവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ടീം അംഗങ്ങളും ക്വാറന്റീനില്‍ കഴിയണം.

പാക്കിസ്ഥാനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ ബെന്‍ സ്റ്റോക്‌സ് ആണ് ഇംഗ്ലണ്ടിനെ നയിക്കുക എന്ന് ഉറപ്പായിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും, പാക്കിസ്ഥാനെതിരായ പരമ്പരയില്‍ കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.

കൊവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ടീമിന്റെ ബയോ സെക്യുര്‍ ബബ്ബിള്‍ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഇംഗ്ലണ്ട് ടീമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടോം ഹാരിസണ്‍ പറഞ്ഞു.

 

Top