കൊവിഡ് മൂന്നാംതരംഗം; ഫെബ്രുവരിയോടെ മൂര്‍ദ്ധന്യത്തിലെത്തുമെന്ന് പഠനം

കാണ്‍പൂര്‍: ഇന്ത്യയില്‍ ഫെബ്രുവരിയോടെ കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്ന് പഠനം. ഐ ഐ ടി കാണ്‍പൂരിലെ പ്രൊഫസറായ മനീന്ദ്ര അഗര്‍വാളാണ് പുതിയ പഠനം പുറത്തുവിട്ടത്.

അടുത്ത വര്‍ഷം ആദ്യം കൊവിഡ് തരംഗം മൂര്‍ദ്ധന്യത്തിലെത്തുമെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ കൊവിഡിന്റെ സഞ്ചാരപാതയെ ഗണിതശാസ്ത്രപരമായി അവതരിപ്പിക്കാന്‍ ഉപയോഗിച്ച സൂത്ര മാതൃകയുടെ സഹസ്ഥാപകനാണ് അദ്ദേഹം. ഇതിന് സര്‍ക്കാരിന്റെ പിന്തുണയും ലഭിച്ചിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത തുടരണമെന്നും അഗര്‍വാള്‍ വ്യക്തമാക്കി. കൊവിഡില്‍ നിന്നുള്ള സ്വാഭാവിക പ്രതിരോധശേഷിയെ പുതിയ വകഭേദമായ ഒമിക്രോണ്‍ മറിക്കടക്കാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒമിക്രോണ്‍ ഗുരുതരമാകില്ലെന്നും നേരിയ അണുബാധ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും പഠനത്തില്‍ പറയുന്നു. ഒമിക്രോണിന് സംക്രമണശേഷി കൂടുതലാണെങ്കിലും നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് പ്രകടമാകുന്നതെന്ന് ഇതുവരെയുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നതായും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

Top