കോവിഡ് മൂന്നാം തരംഗം; കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് സുപ്രീംകോടതി. മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം. അതിനാല്‍ ചെറിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

പ്രതിസന്ധി നേരിടാന്‍ വ്യക്തമായ പദ്ധതികള്‍ ഉടന്‍ തന്നെ ആവിഷ്‌കരിക്കുകയാണെങ്കില്‍ മൂന്നാം തരംഗത്തെ മറികടക്കാന്‍ രാജ്യത്തിന് സാധിക്കുമെന്നും ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും എംആര്‍ ഷായും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

കോവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്നും ഇത് കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ സ്വാഭാവികമായും കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ അവരോടൊപ്പം മാതാപിതാക്കളും വരും. അതിനാല്‍ ഈ പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. വാക്‌സിനേഷന്‍ ശാസ്ത്രീയമായി ആസൂത്രണം ചെയ്ത് ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും കോടതി പറഞ്ഞു.

കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ എംബിബിഎസ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് കാത്തിരിക്കുന്ന ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ഒന്നര ലക്ഷത്തോളം ഡോക്ടര്‍മാരും രണ്ടര ലക്ഷത്തോളം നഴ്‌സുമാരും അവരുടെ വീടുകളിലുണ്ട്. കോവിഡ് മൂന്നാംതരംഗത്തില്‍ അവരുടെ സേവനങ്ങള്‍ നിര്‍ണായകമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.

 

Top