കൊവിഡ് മൂന്നാംതരംഗം; പ്രതിരോധ നടപടികള്‍ക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് മൂന്നാംതരംഗം വരാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡിന്റെ മൂന്നാം ഘട്ടത്തെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അനുഭവങ്ങളെ വിലയിരുത്തി മികച്ച പ്രതിരോധത്തിനായി തയ്യാറെടുക്കാന്‍ നടപടി ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

സാര്‍വദേശീയ തലത്തിലും ദേശീയ തലത്തിലും മൂന്നാം തരംഗത്തെ കുറിച്ച് ചര്‍ച്ച ഉയര്‍ന്ന് വന്നിട്ടുണ്ട്. വാക്‌സിന്‍ അതിജീവിക്കാന്‍ കഴിയുന്ന വൈറസാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക. വാക്‌സിന്‍ എടുത്തവര്‍ക്ക് അത് ഒരു ഡോസാണെങ്കിലും സുരക്ഷിതത്വമുണ്ട്. എന്നാല്‍ ഇവരും രോഗവാഹകരാകാം എന്നത് ശ്രദ്ധിക്കണം. വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗം വരുന്നത് പലപ്പോഴും അനുബന്ധ രോഗമുള്ളത് കൊണ്ടാണ്. അതുകൊണ്ട് എല്ലാവരും കൊവിഡ് പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അനുബന്ധ രോഗങ്ങളുടെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തണം.കൊവിഡ് രണ്ടാം തരംഗത്തില്‍ ഇതുവരെ അതിന്റെ ഉച്ഛസ്ഥായി പിന്നിട്ടതായാണ് അനുമാനം. എന്നാല്‍ അതിന് ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥകളും മരണങ്ങളും സംഭവിക്കുന്നത്. അത് വര്‍ധിക്കുന്നതായി കാണുന്നുണ്ട്. ആശുപത്രികളെ സംബന്ധിച്ച് സമയം നിര്‍ണായകമാണ്.

ഈ ഘട്ടത്തെ നേരിടാന്‍ വേണ്ട എല്ലാ കരുതലും മുഴുവന്‍ ജില്ലാ ആശുപത്രികളിലും കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ഉറപ്പാക്കണം. പ്രാഥമികമായ കടമ ജീവന്‍ സംരക്ഷിക്കലാണ്. ഈ തരംഗം പുതിയ പാഠങ്ങള്‍ പഠിപ്പിച്ചു. എത്രത്തോളം രോഗബാധ ഉയരാം, വൈറസുകളുടെ ജനിതക വ്യതിയാനം എന്ത് ഭീഷണി ഉയര്‍ത്താം എന്നൊക്കെ മനസിലായി. ആരോഗ്യ സംവിധാനങ്ങള്‍ എങ്ങിനെ തയ്യാറെടുക്കണം, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എങ്ങിനെ വിന്യസിക്കണം, സാമൂഹ്യ ജാഗ്രതയുടെ പ്രായോഗിക വത്കരണം തുടങ്ങിയ കാര്യങ്ങളില്‍ പുതിയ ഉള്‍ക്കാഴ്ചയും പുതിയ കൊവിഡ് തരംഗം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.

Top