മഹാരാഷ്ട്രയില്‍ ജൂലായ്-ഓഗസ്റ്റ് മാസങ്ങളില്‍ കോവിഡ് മൂന്നാം തരംഗമെന്ന് ആരോഗ്യമന്ത്രി

മുംബൈ: മഹാരാഷ്ട്രയില്‍ ജൂലായ്-ഓഗസ്റ്റ് മാസത്തില്‍ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ. ജൂലായിലോ ഓഗസ്റ്റിലോ കോവിഡിന്റെ മൂന്നാം തരംഗം കൂടി മഹാരാഷ്ട്ര നേരിടേണ്ടി വരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി വ്യാഴാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ ടോപെ അറിയിച്ചു.

മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച പ്രതിദിന രോഗികളുടെ എണ്ണം 66,159 ആയി ഉയരുകയും 771 പേര്‍ കോവിഡ് മൂലം മരിക്കുകയും ചെയ്തു. മേയ് മാസം അവസാനമാകുമ്പോഴേക്കും സംസ്ഥാനത്ത് കോവിഡ് മൂര്‍ധന്യാവസ്ഥയിലെത്തുമെന്നാണ് കരുതുന്നത്.

മൂന്നാം തരംഗത്തെ നേരിടാന്‍ ഓക്സിജന്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാനുള്ള ശ്രമത്തിലാണ് സംസ്ഥാനമെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് രോഗികളുടെ ചികിത്സക്കായി അടിയന്തരമായി ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഊന്നിപ്പറഞ്ഞതായി മന്ത്രി അറിയിച്ചു. മൂന്നാം തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമം ഉണ്ടാകുന്ന കാര്യം ഒരു തരത്തിലും അനുവദനീയമല്ലെന്ന് ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി പറഞ്ഞതായും ടോപെ കൂട്ടിച്ചേര്‍ത്തു.

കോവിഡ് ചികിത്സാസൗകര്യങ്ങള്‍ക്കായി നിക്ഷേപം നടത്താന്‍ വ്യാവസായിക പ്രമുഖരോട് ആവശ്യപ്പെട്ടതായും അത്തരത്തില്‍ ചെലവഴിക്കുന്ന പണത്തെ സിഎസ്ആര്‍ എക്സ്പെന്‍ഡിച്ചറായി കണക്കാക്കുമെന്നറിയിച്ചതായും താക്കറെ സൂചിപ്പിച്ചതായി ടോപെ പറഞ്ഞു. ഓക്സിജന്‍ ഉത്പാദനത്തിനായി പ്ലാന്റുകള്‍ സ്ഥാപിക്കുക, ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും സ്‌കാനിങ് മെഷീനുകളും അടിയന്തരമായി സജ്ജമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് സര്‍ക്കാരിപ്പോള്‍ പ്രാഥമിക പരിഗണന നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു.

 

Top