രാജ്യത്ത് കോവിഡ് മൂന്നാംതരംഗത്തിന്റെ ശക്തി കുറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാംതരംഗത്തിന്റെ ശക്തികുറഞ്ഞതായി കേന്ദ്രത്തിന്റെ വിലയിരുത്തല്‍. പ്രതിദിനം നാല് ലക്ഷത്തിലധികം കേസുകള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും മൂന്ന് ലക്ഷത്തില്‍ താഴെ കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എഴുപത് ശതമാനത്തിലധികം പേര്‍ക്കും വാക്‌സിന്‍ നല്‍കാനായത് രോഗതീവ്രത കുറച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഫെബ്രുവരി പകുതിയോടെ അര്‍ഹരായ മുഴുവനാളുകള്‍ക്കും വാക്‌സിനേഷന്‍ നല്‍കി തീര്‍ക്കാനാണ് ശ്രമം. കൗമാരക്കാര്‍ക്കിടയിലുള്ള വാക്‌സിനേഷനും വേഗത്തില്‍ പൂര്‍ത്തിയാക്കും. കോവീഷീല്‍ഡിനും കോവാക്‌സിനും പൂര്‍ണ വാണിജ്യ അനുമതി ഉടന്‍ നല്‍കിയേക്കും. വിപണിയില്‍ ലഭ്യമാകുന്നതിനുള്ള വിലനിശ്ചയം മാത്രമാണിനി ഉള്ളത്.

അതേസമയം ഇന്നലെ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത് 2,85,914പേര്‍ക്കായിരുന്നു. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 22,23,018 ആയി ഉയര്‍ന്നു. രാജ്യത്തെ ആകെ രോഗബാധിതരുടെ 5.55% ശതമാനമാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,99,073 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,73,70,971 ആയി. ദേശീയ രോഗമുക്തി നിരക്ക് 93.23 % ആണ്.

Top