കൊവിഡ് മൂന്നാം തരംഗം; പ്രതിരോധ നടപടികള്‍ ആരംഭിച്ചു – പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് മൂന്നാം തരംഗം വന്നാല്‍ നേരിടാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ നിലയിലുള്ള ജാഗ്രത തുടരുകയും ആള്‍ക്കൂട്ടം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ അതിഥി തൊഴിലാളികളെ മുഴുവന്‍ വാക്‌സിനേറ്റ് ചെയ്യും. അവരെ ഇടക്കിടെ പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കും. മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ മുഴുവന്‍ പേരേയും വാക്‌സിനേറ്റ് ചെയ്യും. രോഗ ലക്ഷണങ്ങളില്‍ വരുന്ന മാറ്റം നിരീക്ഷിക്കും. ജനിതക പഠനവും നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്റുമാര്‍ ഉള്‍പ്പെടെ) കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതിയെന്നും കോവിഡ് അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മരണങ്ങള്‍ നിലവില്‍ സംസ്ഥാനതലത്തിലാണ് സ്ഥിരീകരിക്കുന്നത്. അത് ജില്ലാതലത്തിലാക്കുന്നത് ആലോചിക്കും. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രായമായ റബ്ബര്‍ മരങ്ങള്‍ മുറിച്ചു നീക്കുന്നതിനും പുതിയ റബ്ബര്‍ തൈകള്‍ വച്ചുപിടിപ്പിക്കുന്നതിനും അനുമതി നല്‍കും. മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കും.

ഫ്‌ളാറ്റുകളില്‍ കോവിഡ് പോസിറ്റീവ് ശ്രദ്ധയില്‍പ്പെട്ടാല്‍ മുന്നറിയിപ്പ് നല്‍കണം. ഏത് ഫ്‌ളാറ്റിലാണ് രോഗബാധയുള്ളതെന്ന് നോട്ടീസ് ബോര്‍ഡിലൂടെ അറിയിക്കണം. ജാഗ്രത ഉറപ്പാക്കാനാണിത്. ആരോഗ്യ കേന്ദ്രങ്ങളിലും പോലീസ് സ്‌റ്റേഷനുകളിലും നഗരസഭ/പഞ്ചായത്ത് അധികൃതരെയും വിവരമറിയിക്കണം. ഈ ചുമതലകള്‍ അതത് ഫ്‌ളാറ്റുകളിലെ റസിഡന്‍സ് അസോസിയേഷനുകള്‍ നിര്‍ബന്ധമായും ഏറ്റെടുത്ത് നിറവേറ്റണം. ഫ്‌ളാറ്റുകളിലെ ലിഫ്റ്റ് ദിവേസന മൂന്നു തവണയെങ്കിലും സാനിറ്റൈസ് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top