കോവിഡ് മൂന്നാം തരംഗവും ഗുരുതരമാകുമെന്ന്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗവും ഗുരുതരമായിരിക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. 98 ദിവസം വരെ ഇതു തുടരാമെന്നും എസ്ബിഐ ഇക്കോറാപ് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മൂന്നാം തരംഗവും രണ്ടാം തരംഗത്തില്‍ നിന്ന് അധികം വ്യത്യാസമൊന്നുമുണ്ടാകില്ല. മികച്ച തയാറെടുപ്പുകള്‍ നടത്തിയാല്‍ മരണനിരക്ക് കുറച്ചുകൊണ്ടുവരാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

പ്രധാന രാജ്യങ്ങളിലെല്ലാം 98 ദിവസമാണ് മൂന്നാം തരംഗമുണ്ടായത്. രണ്ടാം തരംഗം 108 ദിവസവും. രണ്ടാം തരംഗത്തില്‍ നിന്ന് 1.8 മടങ്ങ് അധികമായിരുന്നു മൂന്നാമത്തേത്. രണ്ടാം തരംഗമാകട്ടെ ആദ്യത്തേതില്‍ നിന്ന് 5.2 മടങ്ങ് അധികവും. ഇന്ത്യയില്‍ ഇത് 4.2 ആണ്- റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ പ്രതിദിന കേസുകള്‍ 4.14 ലക്ഷം വരെ ഉയര്‍ന്നിരുന്നു. രാജ്യത്ത് ഇപ്പോള്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. മേയില്‍ ഇന്ത്യയില്‍ 90.3 ലക്ഷം കോവിഡ് കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. ഒരു രാജ്യത്ത് ഒരു മാസത്തില്‍ ഉണ്ടാകുന്ന രോഗികളില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.

ഏപ്രിലില്‍ രാജ്യത്ത് 69.4 ലക്ഷം രോഗികളാണു പുതുതായുണ്ടായത്. ഇതിലും 30 ശതമാനം വര്‍ധനയാണ് മേയിലുണ്ടായത്. മേയ് മാസത്തില്‍ മാത്രം 1.2 ലക്ഷം കോവിഡ് മരണങ്ങളും രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തു. മൂന്നാം തരംഗത്തില്‍ ഗുരുതര രോഗികളുടെ എണ്ണം അഞ്ചു ശതമാനത്തില്‍ താഴെയായാല്‍ മരണം 40,000 ലേക്ക് കുറയ്ക്കാമെന്നാണു റിപ്പോര്‍ട്ട് പറയുന്നത്.

 

Top