കോവിഡ്; വിദഗ്ധരുടെ ആഗോള സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: കോവിഡ് മുഖ്യ ചര്‍ച്ചാ വിഷയമാകുന്ന ഗ്രാന്റ് ‘ചലഞ്ചസ് ആനുവല്‍ മീറ്റിങ് 2020’ ല്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരെയും ഗവേഷകരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച അഭിസംബോധന ചെയ്യും. കോവിഡ് വെല്ലുവിളി നേരിടുന്നതിനെയും മഹാമാരിക്ക് ശേഷം നടപ്പാക്കേണ്ട സുസ്ഥിര വികസന പദ്ധതികളെയും കുറിച്ചാകും സമ്മേളനം ചര്‍ച്ച ചെയ്യുക.

വൈകിട്ട് 7.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മുഖ്യ പ്രഭാഷണം നടത്തും. ഒക്ടോബര്‍ 19 മുതല്‍ 21 വരെ നടക്കുന്ന സമ്മേളനത്തില്‍ ലോക നേതാക്കളും ശാസ്ത്രജ്ഞരും ഗവേഷകരും അടക്കം 40 രാജ്യങ്ങളില്‍നിന്നുള്ള 1600 ഓളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍, കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര – സാങ്കേതിക വകുപ്പ്, ബയോടെക്നോളജി മന്ത്രാലയം, ഐസിഎംആര്‍, നീതി ആയോഗ്, ഗ്രാന്റ് ചലഞ്ചസ് കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് എന്നിവയാണ് ആതിഥ്യം അരുളുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍, ബില്‍ ഗേറ്റ്സ് തുടങ്ങിയവരും സമ്മേളനത്തെ അഭിസംബോധന ചെയ്യും

Top