കോവിഡ്; അടുത്ത തരംഗം ഉറപ്പ്, എപ്പോഴെന്ന് പറയാനാകില്ലെന്ന് സി.എസ്.ഐ.ആര്‍ തലവന്‍

ഹൈദരാബാദ്: രാജ്യത്ത് കോവിഡിന്റെ അടുത്ത തരംഗം ഉറപ്പാണെന്നും പക്ഷേ അത് എപ്പോള്‍, എങ്ങനെ ഉണ്ടാകുമെന്ന് പറയാന്‍ സാധിക്കില്ലെന്നും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്‍.) ഡയറക്ടര്‍ ജനറല്‍ ഡോ.ശേഖര്‍ സി. മണ്‍ടെ. വാക്സിനേഷനും മാസ്‌ക് ധരിക്കുന്നതും തീര്‍ച്ചയായും മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ആശങ്കപ്പെടുത്തുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഡെല്‍റ്റ വകഭേദം മോശമാണ്. പക്ഷേ, പക്ഷേ ഡെല്‍റ്റ പ്ലസ് വകഭേദത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ വിവരങ്ങള്‍ വിശകലനം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ യു.കെ, യൂറോപ്പ്, യു.എസ്. തുടങ്ങിയ ഇടങ്ങള്‍ അടുത്ത തരംഗത്തിന് സാക്ഷ്യം വഹിച്ചു. അതിനാല്‍ നമ്മള്‍ ജാഗരൂകരായിരിക്കണം. അടുത്ത തരംഗത്തിന് സാധ്യതയുണ്ട്, പക്ഷേ എപ്പോള്‍, എങ്ങനെ എന്ന് ഇതുവരെ വ്യക്തമല്ല. വൈറസിന്റെ ജനിതകമാറ്റം മൂലമോ, കോവിഡ് മാനദണ്ഡങ്ങള്‍ പിന്തുടരുന്നതില്‍ ജനങ്ങളുടെ അലസതയോ ഇതിന് കാരണമായേക്കാം.’ – ഡോ. മണ്‍ടെ പറഞ്ഞു.

വാക്സിനേഷന്‍ ഗുണകരമാണെന്നതിന് നിരവധി ശാസ്ത്രീയ തെളിവുകളുണ്ട്. കോവിഡ് വൈറസിന്റെ ജനിതക നിരീക്ഷണം അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Top