കൊവിഡ്; രോഗികള്‍ കുറയുന്നു, പൂര്‍ണമായി ആശ്വസിക്കാനായിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ കുറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ പൂര്‍ണമായും ആശ്വസിക്കാനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കൊവിഡ് വ്യാപനം തടയുവാന്‍ ലോക്ഡൗണ്‍ ഫലപ്രദമായെന്നും ജനങ്ങള്‍ ജനങ്ങള്‍ സഹകരിച്ചു. അതിനാല്‍ രോഗവ്യാപനം നിയന്ത്രിക്കാനായി.

മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മരണസംഖ്യ കുറഞ്ഞു. പക്ഷേ പൂര്‍ണമായി ആശ്വസിക്കാനുള്ള സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇനി  ടെസ്റ്റ് പോസിറ്റീവിറ്റി പത്തില്‍ താഴെ എത്തിക്കാനാണ് ശ്രമം. ടിപിആര്‍ കൂടിയ സ്ഥലങ്ങളില്‍ കോവിഡ് പരിശോധന കൂട്ടും. കൂടുതല്‍ രോഗികളുള്ള ചില പ്രദേശങ്ങളില്‍ കൂടുതല്‍ ഗൗരവത്തോടെ ഇടപെടും. നിയന്ത്രണം കര്‍ക്കശമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ടിപിആര്‍ കൂടിയ ജില്ലകളില്‍ പരിശോധന കൂട്ടാന്‍ നിര്‍ദ്ദേശിച്ചു. കോഴിക്കോട് ഇക്കാര്യത്തില്‍ മാതൃകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി രോഗം ബാധിച്ചവരെ സിഎഫ്എല്‍ടിസിയിലെത്തിക്കുന്നതിന് മികച്ച രീതിയാണ് ജില്ലയിലേതെന്നും കൂട്ടിച്ചേര്‍ത്തു. ഇത് സംസ്ഥാനത്ത് പിന്തുടരാവുന്നതാണ്. കൂടുതല്‍ രോഗികളുള്ള ഇടങ്ങളില്‍ നടപ്പിലാക്കേണ്ട പരിപാടിയാണത്.

കേരളത്തില്‍ നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അവശ്യസര്‍വീസിന് മാത്രം ഇളവ് നല്‍കും. ബാക്കിയെല്ലാവരും നാളെ സമ്പൂര്‍ണ ലോക്ക് ഡൗണുമായി പൂര്‍ണമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top