കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്താനൊരുങ്ങി അമേരിക്ക

വാഷിം​ഗ്ടൺ: രാജ്യത്തേക്കെത്തുന്നവർക്കുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്താനൊരുങ്ങി അമേരിക്ക. അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനായി വിമാന യാത്രക്കാർക്കുള്ള നിർബന്ധിത കൊവിഡ് പരിശോധന ഞായറാഴ്ച മുതൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ.

വൈറ്റ് ഹൗസ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറി കെവിൻ മുനോസിന്റെ കാര്യാലയമാണ് ഈ വിവരം പുറത്തുവിട്ടത്. 2020 ന്റെ തുടക്കത്തിൽ ലോക്ക്ഡൗൺ ആരംഭിച്ചതുമുതൽ പാലിച്ചുവരുന്ന നിയന്ത്രണങ്ങളാണ് പടിപടിയായി നീങ്ങുന്നത്. കൊവിഡ് മൂലം സമ്മർദം നേരിട്ട എയർലൈൻ വ്യവസായത്തെ ഉത്തേജിപ്പിക്കാൻ കൂടിയാണ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കപ്പെടുന്നുണ്ടെങ്കിലും അമേരിക്കയിൽ കൊവിഡ് മൂലമുള്ള പ്രതിദിന മരണങ്ങളുടെ എണ്ണത്തിൽ ഈ അടുത്ത ദിവസങ്ങളിൽ വർധനയുണ്ടായെന്നത് വസ്തുതയാണ്. ഇന്ത്യയിലും കൊവിഡ് കേസുകൾ ഉയരുകയാണ്. ഇന്നലെ 7,584 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 100 ദിവസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. കണക്കുകൾ പ്രകാരം സജീവ രോഗികളുടെ എണ്ണം രണ്ടാഴ്ചയ്ക്കിടെ എട്ട് മടങ്ങ് വർദ്ധിച്ചു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 36,267 ആണ്. ഇന്നലെ 3,791 പേർ രോഗമുക്തി നേടി. അതേസമയം 24 പേർ വൈറസ് ബാധിച്ച് മരിച്ചു.രാജ്യത്തുടനീളം കഴിഞ്ഞ ദിവസം 3,35,050 പരിശോധനകളാണ് നടത്തിയത്. 2.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.50 ശതമാനവും.

Top