കൊവിഡ് പരിശോധന നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കൊവിഡ് പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ലാബുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. ആര്‍ടിപിസിആര്‍ നിരക്ക് 300 രൂപയായും ആന്റിജന്‍ നിരക്ക് 100 രൂപയായിട്ടുമാണ് കുറച്ചത്. പരിശോധന നടത്തുന്ന ലാബ് ഉടമകളെ കേള്‍ക്കാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നാണ് ഹര്‍ജിക്കാരുടെ വാദം.

ഏകപക്ഷീയമായി നിരക്കുകള്‍ കുറച്ച നടപടി ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ലാബ് ഉടമകള്‍ കോടതിയെ സമീപിച്ചത്. നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചത്. പരിശോധന നിരക്കുകള്‍ പുനപരിശോധിച്ചില്ലെങ്കില്‍ കൊവിഡ് പരിശോധന നടത്തില്ലെന്ന നിലപാടിലാണ് ലാബ് ഉടമകള്‍.

ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 500 രൂപയും ആന്റിജന്‍ പരിശോധനയ്ക്ക് 300 രൂപയും തന്നെ ഈടാക്കണമെന്നാണ് ലാബ് ഉടമകളുടെ ആവശ്യം. പരിശോധന നിരക്കുകള്‍ കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകളുടെ സംഘടനകള്‍ വിവിധ ജില്ലകളില്‍ ധര്‍ണയും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. സമവായത്തിലൂടെ മാത്രമേ പരിശോധന നിരക്കുകള്‍ പുതുക്കി നിശ്ചയിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ലാബ് ഉടമകളുടെ സംഘടനകള്‍ വാദിക്കുന്നത്.

 

Top