സംസ്ഥാനത്ത് കോവിഡ് പരിശോധന നിരക്കുകൾ കുറച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് നിർണയ പരിശോധനകളുടെ നിരക്കുകൾ കുറച്ച് സംസ്ഥാന സർക്കാർ. പരിശോധിക്കുന്നവരുടെ സുരക്ഷാ ഉപകരണങ്ങള്‍ക്കും മറ്റും കൂടുതല്‍ തുക ഈടാക്കരുതെന്നും സ്വകാര്യമേഖലയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നൽകി.

ആർടി പിസിആർ പരിശോധനയുടെ നിരക്ക് 2100 ആക്കി. നേരത്തെയിത് 2750 ആയിരുന്നു. 3000 രൂപയുണ്ടായിരുന്ന ട്രൂനാറ്റ് ടെസ്റ്റിൻ്റെ നിരക്ക് 2100 ആക്കി കുറച്ചു. ആൻ്റിജൻ പരിശോധനയ്ക്ക് 625 രൂപയും ജീൻ എക്സ്പർട്ട് ടെസ്റ്റിന് 2500 രൂപയുമായിരിക്കും. കോവിഡ് രോഗികളുടെ എണ്ണം കൂടിവരുമ്പോള്‍ പരിശോധനാ നിരക്കുകളിലും മാറ്റം വരുകയാണ്. ടെസ്റ്റ് കിറ്റുകളുടെ നിര്‍മാണം വ്യാപകമായതോടെ ലഭ്യതയും വര്‍ധിച്ചു. ഇതോടെയാണ് നിരക്കുകള്‍ പുതുക്കി നിശ്ചയിക്കാനുളള തീരുമാനത്തിൽ എത്തിച്ചേർന്നത്. നിരക്ക് കുറയ്ക്കുന്നതോടെ കൂടുതല്‍ പേര്‍ പരിശോധനയക്ക് എത്തുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ മേഖലയില്‍ പരിശോധന സൗജന്യമാണ്.

നിലവിൽ അര ലക്ഷം കോവിഡ് പരിശോധനകളാണ് സംസ്ഥാനത്ത് ഒരു ദിവസം നടക്കുന്നത്. സംസ്ഥാനത്തെ കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ ആരോഗ്യവകുപ്പ് ശ്രമം തുടരുന്നതിനിടെയാണ് പരിശോധനകളുടെ നിരക്ക് കുറച്ചു കൊണ്ട് സർക്കാർ ഉത്തരവിട്ടത്. പരിശോധനകൾ പ്രതിദിനം ഒരു ലക്ഷമാക്കി ഉയർത്തണം എന്നാണ് വിദഗ്ദ്ധ സമിതി സർക്കാരിന് നൽകിയിരിക്കുന്ന ശുപാർശ.

Top