കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു; കോഴിക്കോട് കടുത്ത നിയന്ത്രണങ്ങള്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് മരണ നിരക്ക് കൂടുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 70 പേര്‍. സ്വകാര്യ ആശുപത്രികളില്‍ മരിക്കുന്ന കൊവിഡ് രോഗികളുടെ കണക്ക് കൂടി എടുത്താല്‍ സഖ്യ ഇനിയും ഉയരും. 143 രോഗികള്‍ സര്‍ക്കാര്‍-സ്വകാര്യആശുപത്രികളിലെ ഐസിയുവില്‍ കഴിയുന്നുണ്ട്.

74 പേരാണ് അതീവ ഗുരുതരാവസ്ഥയില്‍ ഉള്ളത്. ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത് 29,279 രോഗികളാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികള്‍ക്കായുള്ള 366 കിടക്കകളില്‍ 324 എണ്ണവും നിറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ മൊത്തം 854 കിടക്കകളുള്ളതില്‍ ഒഴിവുള്ളത് 314 എണ്ണം മാത്രമാണ്.

സ്വകാര്യ ആശുപത്രികളില്‍ 1446 കിടക്കകള്‍ ഉള്ളതില്‍ 1014 എണ്ണത്തില്‍ രോഗികളുണ്ട്. ഒഴിവുള്ളത് 432 കിടക്കകളാണ്.രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങിയതോടെ കൂടുതല്‍ കിടക്കകള്‍ ജില്ലാ ഭരണകൂടം സജ്ജീകരിക്കുകയാണ്. രോഗികളുടെ എണ്ണത്തിലെ വര്‍ധനവ് പോലെ തന്നെ കോഴിക്കോട് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും ഉയരുകയാണ്.

ഞായറാഴ്ച 28.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ഏപ്രില്‍ 16 ന് ശേഷം തുടര്‍ച്ചയായി 20 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പോസിറ്റീവിറ്റി ഉയര്‍ന്ന് നില്‍ക്കുന്ന 454 കണ്ടെയിന്‍മെന്റ് സോണുകളിലും 94 ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളിലും 28 തദ്ദേശ സ്ഥാപനങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Top