കൊവിഡ് ബാധിച്ച നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവം; ആശുപത്രിക്കെതിരെ കുടുംബം രംഗത്ത്

ഗുരുഗ്രാം: കൊവിഡ് ബാധിച്ച മലയാളി നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി നഴ്‌സിന്റെ കുടുംബാംഗങ്ങള്‍. ഗുരുഗ്രാമിലെ മെദാന്ത മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് നഴ്‌സ് ബിസ്മിയുടെ കുടുംബം പരാതി നല്‍കിയത്. സാമൂഹിക പ്രവര്‍ത്തക എസ്. രമ വഴിയാണ് ഗുരുഗ്രാം പൊലീസ് കമ്മീഷണര്‍ക്ക് ബിസ്മിയുടെ അമ്മ പരാതി നല്‍കിയത്.

മകളുടെ മരണത്തിന് ഉത്തരവാദികള്‍ മെദാന്ത ആശുപത്രിയാണെന്നും ആത്മഹത്യയിലെ ദുരൂഹത മാറ്റണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. മകള്‍ ആത്മഹത്യശ്രമം നടത്തിയ കാര്യമോ മറ്റു വിവരങ്ങളോ ആശുപത്രി കുടുംബത്തെ അറിയിച്ചില്ലെന്നും പരാതിയിലുണ്ട്. ഡ്യൂട്ടിക്കിടെ മകള്‍ക്ക് പുറത്ത് നിന്ന് മുഖാവരണം വാങ്ങേണ്ടി വന്നെന്നും ആശുപത്രി നഴ്‌സുമാരുടെ സുരക്ഷയ്ക്ക് നടപടി എടുത്തില്ലന്നും പരാതിയില്‍ ആരോപിക്കുന്നു.

പുനലൂര്‍ സ്വദേശിനിയായ ബിസ്മി സ്‌കറിയ എന്ന നഴ്‌സിന് കഴിഞ്ഞ മാസം 28-നാണ് കൊവിഡ് സ്ഥീരികരിച്ചത്. കൊവിഡ് ബാധിതയാണെന്ന് അറിഞ്ഞതോടെ ഇവര്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. സഹപ്രവര്‍ത്തകരാണ് ബിസ്മിയെ പിന്നീട് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയില്‍ രണ്ട് ദിവസം കഴിഞ്ഞ ശേഷമാണ് ബിസ്മി മരണപ്പെടുന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് ബിസ്മിക്ക് രോഗം വന്നതെന്ന ആരോപണവുമായി കുടുംബം അപ്പോള്‍ തന്നെ രംഗത്തെത്തിയിരുന്നു.

Top