കൊവിഡ്, ടെസ്റ്റ് ക്രിക്കറ്റ് തിരിച്ചുവരുന്നു; ഇംഗ്ലണ്ട്- വിന്‍ഡീസ് ആദ്യ ടെസ്റ്റ് പുരോഗമിക്കുന്നു

സതാംപ്ടണ്‍: കൊവിഡ് പ്രതിസന്ധിക്കിടെ സതാംപ്ടണില്‍ ആരംഭിച്ച ഇംഗ്ലണ്ട്- വിന്‍ഡീസ് ആദ്യ ടെസ്റ്റ് പുരോഗമിക്കുന്നത് കര്‍ശന സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച്. എന്നാല്‍ ടോസിനിടെ കൊവിഡ് പ്രോട്ടോക്കോള്‍ മറന്നുപോയി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സും വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും.

മഴമൂലം വൈകി തുടങ്ങിയ കളിയില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാല്‍ ടോസിട്ട ഉടനെ പതിവ് ശൈലിയില്‍ സ്റ്റോക്സിന് ഹസ്തദാനം ചെയ്യാന്‍ ശ്രമിച്ചു ഹോള്‍ഡര്‍. ‘പണി പാളി’യെന്ന് മനസിലായ ഉടനെ ഹസ്തദാനം ഒഴിവാക്കി കൈകൊണ്ട് തട്ടി തടിതപ്പി ഇരു നായകന്‍മാരും. എന്നാല്‍ അവിടംകൊണ്ടും നാടകീയത അവസാനിച്ചില്ല.

ഹസ്തദാനം പാടില്ല എന്ന കാര്യം മറന്നുപോയ ഇരു നായകന്‍മാര്‍ക്കും ഉപദേശം നല്‍കി കമന്റേറ്റര്‍മാര്‍. ‘നിങ്ങളത് ചെയ്യാന്‍ പാടില്ലായിരുന്നു, കൈകള്‍ അണുമുക്തമാക്കാന്‍ മറക്കണ്ട’ എന്നായിരുന്നു കമന്റേറ്റര്‍മാരുടെ വാക്കുകള്‍. താരങ്ങളുടെയും സ്റ്റാഫിന്റെയും സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

Top