ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2.54 ലക്ഷംപേര്‍ക്ക്

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ 2.54 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ലോകത്ത് ആകെ രോഗികള്‍ ഒരു കോടി 44 ലക്ഷം കവിഞ്ഞു.

അമേരിക്കയില്‍ അറുപത്തൊന്നായിരത്തിലധികം പുതിയ രോഗികളുണ്ട്. കൊവിഡ് പടരുന്നത് തടയാന്‍ ഫ്രാന്‍സ് അതിര്‍ത്തികള്‍ അടയ്ക്കാനൊരുങ്ങുകയാണ്. അതേ സമയം ഇറാനില്‍ രണ്ടരക്കോടി പേരെയെങ്കിലും കൊവിഡ് ബാധിച്ചിട്ടുണ്ടാകാമെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി വെളിപ്പെടുത്തി.

ഇറാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് പ്രസിഡന്റ് കണക്ക് പുറത്തുവിട്ടത്. അടുത്ത മാസങ്ങളോടെ മൂന്നരക്കോടി പേരെയെങ്കിലും ഇനി രോഗം ബാധിച്ചേക്കാമെന്നും റൂഹാനി വ്യക്തമാക്കി. രാജ്യത്ത് 2 ലക്ഷത്തി എഴുപതിനായിരം പേര്‍ക്കാണ് കൊവിഡ് ബാധിച്ചെന്നാണ് ഇറാന്‍ ഇതുവരെ പറഞ്ഞിരുന്നത്.

രോഗബാധ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ മതപരമായ ചടങ്ങുകള്‍ക്കുള്‍പ്പെടെ ഇറാന്‍ വീണ്ടും വിലക്കേര്‍പ്പെടുത്തി. സ്‌പെയിനിന്റെ വടക്കു കിഴക്കന്‍ മേഖലയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കണക്ക് പുറത്തുവിടുന്നത് ബ്രിട്ടന്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. പെരുപ്പിച്ച കണക്കുകളാണ് പുറത്തുവിടുന്നതെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് നടപടി.

Top