ബ്രിട്ടനിൽ കോവിഡ് വ്യാപനം ശക്തം

ണ്ടൻ : കോവിഡ് വ്യാപനവും മരണവും നിയന്ത്രണമില്ലാതെ തുടരുന്ന ബ്രിട്ടനിൽ ലോക്ഡൗൺ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് നടപടി അതി ശക്തമാക്കി. രഹസ്യമായി തുടരുന്ന ഹൗസ് പാർട്ടികൾക്ക് കനത്ത പിഴയിടാനാണ് തീരുമാനം. ഇംഗ്ലണ്ടിൽ ഹൗസ് പാർട്ടികൾ നടത്തുന്നവരെ പിടികൂടിയാൽ 10,000 പൗണ്ടാണ് പിഴ. പങ്കെടുക്കുന്നവർക്ക് 800 പൗണ്ടും.

ഓരോ തവണയും നിയമം ലംഘിക്കുമ്പോൾ പിഴ ഇരട്ടിയാകും. ഇത്തരത്തിൽ തുടർച്ചയായി നിയമം ലംഘിച്ച് പാർട്ടികളിൽ പങ്കെടുക്കുന്നവരിൽ നിന്നും 6,400 പൗണ്ട് വരെ പിഴ ഈടാക്കാൻ പൊലീസിന് അനുമതി നൽകിയതായി ഹോം സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചു. സ്വന്തം സുരക്ഷിതത്വമോ മറ്റുള്ളവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും പൊലീസ് ഇടപെടുമെന്ന് ഹോം സെക്രട്ടറി മുന്നറിയിപ്പു നൽകി.

ചെറിയൊരു വിഭാഗം ജനങ്ങൾ മറ്റുള്ളവരുടെ ജീവിതം ദുരിതത്തിലാക്കുന്ന സ്ഥിതി അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി. 1290 പേരാണ് ഇന്നലെ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഓരോ മിനിറ്റിലും 200 പേർക്ക് വാക്സീൻ നൽകുന്ന സ്ഥിതിയിലേക്ക് ബ്രിട്ടനിലെ വാക്സിനേഷൻ നടപടികൾ പുരോഗമിച്ചു. 50 ലക്ഷത്തിലേറെ ആളുകൾക്ക് ഇതിനോടകം രാജ്യത്ത് വാക്സീന്റ ആദ്യഡോസ് നൽകി.

Top