സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു; വയനാട്ടില്‍ സ്ഥിതി ആശങ്കാജനകം

തിരുവനന്തപുരം: സംസ്ഥാനത്ത് പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളില്‍ കോവിഡ് വ്യാപനം വര്‍ധിച്ചെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 906 പേര്‍ 60 വയസ്സില്‍ താഴെ പ്രായമുളളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ആഴ്ച വയനാട്ടിലാണ് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 12.3 ശതമാനമായിരുന്നു വയനാട്ടിലെ പോസിറ്റിവിറ്റി നിരക്ക്. പത്തനംതിട്ടയില്‍ ഇത് 11.6 ശതമാനവും എറണാകുളത്ത് ഇത് 10.6 ശതമാനവുമാണ്. പത്തനംതിട്ടയില്‍ രണ്ടു ശതമാനം വര്‍ധനവാണ് പോസിറ്റിവിറ്റി നിരക്കിലുണ്ടായത്.

പത്തു വയസ്സിന് ആറു കുട്ടികളും 11-20നും ഇടയില്‍ പ്രായമുളള ഒമ്പതു പേരും 21-30 വയസ്സിനിടയില്‍ പ്രായമുളള 35 പേരും, 31-40നും ഇടയില്‍ പ്രായമുളള 77 പേരും 40-50നും ഇടയില്‍ പ്രായമുളള 218 പേരും 51-60 നും ഇടയില്‍ പ്രായമുളള 561 പേരുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. 61-70 ഉം ഇടയില്‍ പ്രായമുളള 966 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

അറുപത് വയസ്സിന് മുകളില്‍ പ്രായമുളള 2210 പേരാണ് മരിച്ചത്. 95 ശതമാനം പേര്‍ക്കും മറ്റു ഗുരുതര രോഗങ്ങള്‍ കൂടി ഉണ്ടായിരുന്നു. അതേസമയം റിവേഴ്സ് ക്വാറന്റീനിലെ വീഴ്ച കൂടി വ്യക്തമാക്കുന്നതാണ് നിലവിലെ കണക്കുകള്‍.

ജനുവരി പതിനേഴിന് നടക്കുന്ന പള്‍സ് പോളിയോ വിതരണ പരിപാടിയില്‍ നിന്ന് കണ്ടെയ്ന്‍മെന്റ് സോണുകളെ ഒഴിവാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ അവസാനിക്കുന്നതോടെ മേഖലയില്‍ മരുന്ന് വിതരണം ചെയ്യാനാണ് പദ്ധതി. ക്വാറന്റീനുളളവരുടെ വീട്ടിലുളള കുട്ടികള്‍ക്ക് നിരീക്ഷണ കാലാവധി അവസാനിച്ചതിന് ശേഷം മരുന്ന് വിതരണം ചെയ്യും.

Top