സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു: കേന്ദ്രത്തിന്റെ അഭിനന്ദനം

ന്യൂഡൽഹി:കേരളത്തിൽ കൊവിഡ് വ്യാപന നിരക്ക് കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.രോഗവ്യാപനം നിയന്ത്രിച്ച സംസ്ഥാനത്തിന്റെ നടപടിയെ കേന്ദ്രം അഭിനന്ദിച്ചു.  കഴിഞ്ഞ ഒരു മാസത്തിനിടെ കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ കുറവ് നല്ല സൂചനയാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.

മഹാരാഷ്ട്രയിലെ ചില ജില്ലകളിൽ കൊവിഡ് വ്യാപനം കുറയാത്തതിൽ കേന്ദ്രം ആശങ്കപ്രകടിപ്പിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യത്തെ പത്ത് ജില്ലകളിൽ എറണാകുളവും ഉൾപ്പെടുന്നുണ്ട്. പരമാവധി പേർക്ക് പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കാൻ സ്വകാര്യ ആശുപത്രികളിൽ 24 മണിക്കൂർ വാക്സിനേഷന് ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. പ്രതിദിനം 50 ലക്ഷം പേർക്ക് കുത്തിവയ്പ് നൽകുന്ന രീതിയിലേക്ക് വാക്സിനേഷന്റെ വേഗത കൂട്ടുക ആണ് ലക്ഷ്യം.

അടുത്ത ഘട്ടത്തിൽ 50 വയസ്സിനു മുകളിലുള്ളവർക്ക് വാക്സീൻ നൽകാനാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ നീക്കം. മുതിർന്ന പൗരന്മാർക്കും, ഗുരുതര രോഗങ്ങളുള്ള 45 വയസ്സിനു മുകളിലുള്ളവർക്കും വാക്സീൻ നൽകുന്ന രണ്ടാം ഘട്ട വാക്സിനേഷൻ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്.

Top