രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞു; കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരികയാണെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സജീവ കേസുകളും കുറയുന്നുണ്ട്. ഡല്‍ഹിയില്‍ ആരോഗ്യമന്ത്രാലയത്തിന്റെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളില്‍ മാത്രമാണ് പ്രതിദിനം പതിനായിരത്തില്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. ആറ് സംസ്ഥാനങ്ങളില്‍ 5,000-10,000നും ഇടയില്‍ കോവിഡ് കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിന്‍ ബി മരുന്ന് രാജ്യത്ത് നേരത്തെ പരിമിതമായ അളവിലായിരുന്നു ലഭ്യമായിരുന്നത്. ഇതിന്റെ ഉത്പാദനവും വിതരണവും വര്‍ധിപ്പിച്ചിട്ടുണ്ട്. ആംഫോടെറിസിന്‍ ബി ഉത്പാദനത്തിന് അഞ്ച് കമ്പനികള്‍ക്കു കൂടി ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഫാര്‍മ മന്ത്രാലയം ആരോഗ്യമന്ത്രാലയവുമായി ഏകോപിപ്പിക്കുന്നുണ്ടെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

 

Top