കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊവിഡ് വ്യാപനം; ആശങ്കയറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പുനഃസംഘടിപ്പിക്കപ്പെട്ട കേന്ദ്രമന്ത്രിസഭയുടെ ആദ്യയോഗത്തിലാണ് രാജ്യത്തിലെ കൊവിഡ് വ്യാപനത്തിലെ ആശങ്ക പ്രധാനമന്ത്രി പങ്കുവെച്ചത്. ജനങ്ങളുടെ അശ്രദ്ധയാണ് കൊവിഡ് വ്യാപനം കുറയാത്തതിന്റെ കാരണമായി പ്രധാനമന്ത്രി ചൂണ്ടികാണിക്കുന്നത്.

മാസ്‌ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ആള്‍ക്കുട്ടങ്ങളുടെ വീഡിയോ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് ഗൗരവതരമാണെന്നും ഭയപ്പെടുത്തുന്നതാണെന്നും കേന്ദ്രമന്ത്രിസഭായോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞതായി അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ചെറിയ വീഴ്ചകള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കൊവിഡിനെ അതിജീവിക്കാനുള്ള പോരാട്ടത്തെ ദുര്‍ബലമാക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നത് ദുരുപയോഗം ചെയ്യപ്പെടരുതെന്നും ജാഗ്രതയോടെ ജനങ്ങള്‍ കൊവിഡിനെ നേരിടണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊവിഡിന്റെ ഭീഷണി അവസാനിച്ചിട്ടില്ല. മറ്റു പല രാജ്യങ്ങളും കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ട്. കൊവിഡ് വൈറസിന്റെ ജനിതക മാറ്റം മൂലമുണ്ടാകുന്ന വ്യാപനത്തെയും പ്രധാനമന്ത്രി ചൂണ്ടികാട്ടി. ജനങ്ങള്‍ പുറത്തിറങ്ങി സ്വാഭാവിക ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ജാഗ്രത തുടരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഭയം വളര്‍ത്തുകയല്ല, മറിച്ച് സാധ്യമായ എല്ലാ മുന്‍കരുതലുകളും തുടരാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ് വേണ്ടതെന്ന് പുതിയ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി വിശദീകരിച്ചു. കൊവിഡ് മഹാമാരിയെ അതിജീവിക്കാന്‍ രാജ്യത്തിന് കഴിയുമെന്ന ആത്മവിശ്വാസവും പ്രധാനമന്ത്രി പുനസംഘടിക്കപ്പെട്ട കേന്ദ്രമന്ത്രിസഭയുടെ ആദ്യയോഗത്തില്‍ പ്രകടിപ്പിച്ചു.

Top