കോവിഡ് വ്യാപനം; ഗോവയില്‍ രാത്രി കര്‍ഫ്യു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു

പനാജി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഗോവയില്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. രാത്രി പതിനൊന്ന് മണി മുതല്‍ രാവിലെ ആറു മണി വരെയാണ് സംസ്ഥാനത്ത് രാത്രി കര്‍ഫ്യു നടപ്പാക്കുക.

ജനുവരി 26 വരെ സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും അടക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി കോവിഡ് കര്‍മ്മസമിതിയുടെ യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.

ഞായറാഴ്ച ഗോവയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനമായിരുന്നു. നാളെ മുതല്‍ ജനുവരി 26 വരെ എട്ട്, ഒമ്പത് ക്ലാസുകളിലെ ഓഫ്ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി കോവിഡ് കര്‍മസമിതി അംഗം ശേഖര്‍ സല്‍ക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ വാക്‌സിന്‍ സ്വീകരിക്കാനായി സ്‌കൂളുകളില്‍ എത്തണമെന്നും ഇതിനു ശേഷം ജനുവരി 26 വരെ ക്ലാസുകള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കോളേജുകളും ജനുവരി 26 വരെ അടച്ചിടുമെന്നും ശേഖര്‍ സല്‍ക്കാര്‍ അറിയിച്ചു.

Top