കുവൈറ്റില്‍ കൊവിഡ് വ്യാപനം കുറഞ്ഞു; കര്‍ഫ്യൂ ഏര്‍പ്പെടുത്തില്ലെന്ന് അധികൃതര്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് വൈറസിന്റെ വ്യാപനം നിയന്ത്രണ വിധേയമാണെന്നും സമീപ ഭാവിയില്‍ വീണ്ടുമൊരു കര്‍ഫ്യൂ നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും കൊവിഡ് പ്രതിരോധത്തിനായുള്ള അഡൈ്വസറി കമ്മിറ്റി തലവന്‍ ഡോ. ഖാലിദ് ജാറല്ലാഹ് വ്യക്തമാക്കി. അല്‍ റായ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

രോഗവ്യാപനത്തിനുള്ള സാധ്യതകള്‍ പരമാവധി തടയുകയും വാക്സിനേഷന്റെ തോത് വര്‍ധിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഇപ്പോള്‍ സ്വീകരിക്കുന്ന മാര്‍ഗം. അതേസമയം, കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ രാജ്യത്ത് എത്താതെ നോക്കുകയെന്നതും വ്യാപനം നിയന്ത്രിക്കുന്നതില്‍ പ്രധാനമാണെന്നും അദ്ദേഹം അറിയിച്ചു.

വാക്സിനേഷന്‍ തന്നെയാണ് കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമെന്ന് സുപ്രിം അഡൈ്വസറി കമ്മിറ്റി അംഗം പ്രഫസര്‍ ഡോ. ഖാലിദ് അല്‍ സഈദും അഭിപ്രായപ്പെട്ടു. കൊവിഡിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കുന്ന കാര്യത്തിലും വാക്സിന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, രാജ്യത്ത് രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞ സാഹചര്യത്തില്‍ ആഗസ്ത് ഒന്ന് മുതല്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍ മുഴുവനും ജോലിക്കെത്തണമെന്ന് മുനിസിപ്പാലിറ്റി ഡയരക്ടര്‍ ജനറല്‍ അഹ്‌മദ് അല്‍ മന്‍ഫൂഹി അറിയിച്ചു. അഡ്മിനിസ്ട്രേറ്റീവ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ ജീവനക്കാരും ജോലിക്കെത്തണമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കി.

രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് ജോലിക്ക് ഹാജരാവേണ്ടത്. ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍, വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്ളവര്‍, കിഡ്നി രോഗികള്‍, കാന്‍സര്‍ ബാധിതര്‍ തുടങ്ങി മതിയായ കാരണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമേ ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കി. ഇങ്ങനെ ഇളവ് ലഭിക്കേണ്ടവര്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് സര്‍ക്കുലര്‍.

വാക്സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 12നും 15നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അടുത്ത ആഴ്ച മുതല്‍ വാക്സിന്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സപ്തംബറില്‍ അടുത്ത അക്കാദമിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പായി ഈ പ്രായപരിധിയില്‍ വരുന്ന വിദ്യാര്‍ഥികള്‍ക്ക് വാക്സിന്റെ രണ്ട് ഡോസും ലഭിച്ചുവെന്ന് ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി. ഇതിനായുള്ള രജിസ്ട്രേഷന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി നേരത്തേ ആരംഭിച്ചിരുന്നു. രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

 

Top