കൊവിഡ് അന്വേഷണം ; ചൈനയുടെ സുതാര്യ പങ്കാളിത്തം വേണമെന്ന് ലോകാരോഗ്യ സംഘടന

വാഷിങ്‌ടൺ ഡിസി : കൊറോണ ലോകത്താകമാനം പടർന്നു പിടിയ്ക്കുകയാണ്. വൈറസിന്‍റെ ഉത്ഭവത്തെ സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി സഹകരിക്കാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് ഗെബ്രിയേസസ് ചൈനയോട് ആവശ്യപ്പെട്ടു.

ചൈനയുടെ ഭാഗത്ത് നിന്നും ഈ വിഷയത്തിൽ സഹകരണം ആവശ്യമാണെന്നും അടുത്ത ഘട്ട അന്വേഷണത്തിൽ സുതാര്യമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ജി 7 ഉച്ചകോടിയിൽ വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ഘട്ട നടപടികൾക്കുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്നും വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ച് ശനിയാഴ്‌ച ഉച്ചകോടിയിൽ ചർച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു.

നേരത്തേ യുഎസ്, യുകെ രാജ്യങ്ങൾ വൈറസിനെ കുറിച്ചുള്ള സുതാര്യവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ രണ്ടാം ഘട്ട അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും പിന്തുണ അറിയിച്ചിരുന്നു. കൂടാതെ പകർച്ചവ്യാധിയുടെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രസിഡന്‍റ് ബൈഡൻ യുഎസ് രഹസ്യാന്വേഷണ ഏജൻസിയോട് ഉത്തരവിട്ടിട്ടുമുണ്ട്.

Top