തല്‍ക്കാലം കൊവിഡ് വാക്‌സിന്‍ എടുക്കുന്നില്ലെന്ന് ശിവരാജ് സിംഗ് ചൗഹാന്‍

sivaraj-singh

ഭോപ്പാല്‍: തല്‍ക്കാലം കൊവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സര്‍ക്കാര്‍ പട്ടികയിലുള്‍പ്പെട്ട മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് ആദ്യം വാക്സിന്‍ നല്‍കണം എന്നുള്ളതിനാലാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ”നിലവില്‍ വാക്സിന്‍ സ്വീരിക്കേണ്ടതില്ലെന്നാണ് എന്റെ തീരുമാനം, മുന്‍ഗണനാ പട്ടികയില്‍പ്പെട്ട ആളുകള്‍ക്ക് ആദ്യം കുത്തിവവെപ്പ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് നമ്മളിപ്പോള്‍ പ്രവര്‍ത്തിക്കേണ്ടത്. എന്റെ ഊഴം അതിനുശേഷമേ വരൂ’ ചൗഹാന്‍ പറഞ്ഞു.

എന്നാല്‍ ചൗഹാന്റെ തീരുമാനത്തില്‍ സന്ദേഹം രേഖപ്പെടുത്തിക്കൊണ്ട് സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. വാക്‌സിനുകളെക്കുറിച്ച് നിരവധി സംശയങ്ങള്‍ ഉയര്‍ന്നിരിക്കുന്നതിനാല്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ആദ്യം വാക്സിന്‍ നല്‍കണമെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

കോവി ഷീല്‍ഡ് എന്ന കോവിഡ് വാക്സിന്‍ ഉപയോഗിക്കുന്നതിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ചൗഹാന്റെ പ്രതികരണം. ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിനും നിയന്ത്രിത അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട് .

ഞായറാഴ്ചയാണ് കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. ഉപാധികളോടെ വാക്‌സിന്‍ ഉപയോഗിക്കാനാവും. കാഡിലെ ഹെല്‍ത്ത് കെയര്‍ വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനും അനുമതി ലഭിച്ചിട്ടുണ്ട്.

Top