കൊവിഡ് രണ്ടാം തരംഗം; ഇന്ത്യയില്‍ 594 ഡോക്ടര്‍മാര്‍ മരിച്ചെന്ന് ഐഎംഎ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 594 ഡോക്ടര്‍മാര്‍ക്കെന്ന് ഐഎംഎ റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം രൂക്ഷമായപ്പോഴാണ് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡിന്റെ പിടിയില്‍പ്പെട്ടത്. സാഹചര്യം രൂക്ഷമാകുമ്പോഴും ജീവന്‍ പണയംവെച്ച് ഡോക്ടര്‍മാരും ആരോഗ്യപ്രപര്‍ത്തകരും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങി.

ഐഎംഎയുടെ കോവിഡ് രജിസ്ട്രിയില്‍ രേഖപ്പെടുത്തിയ മരണ റിപ്പോര്‍ട്ടിനനുസരിച്ചുള്ള കണക്കാണ് ഇന്ന് ഐഎംഎ പ്രസിഡന്റ് ജെഎ ജയലാല്‍ പുറത്തുവിട്ടത്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ രാജ്യത്തുടനീളം 748 ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ചു മരിച്ചിട്ടുണ്ടെന്നും ഐഎംഎയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഡല്‍ഹിയിലാണ് കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചത്. ഡല്‍ഹിയില്‍ മാത്രം രണ്ടാം തരംഗത്തിനിടെ 107 ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ചു മരിച്ചു. ബിഹാറാണ് തൊട്ടുപിറകിലുള്ളത്. ഇവിടെ രണ്ടാംതരംഗത്തില്‍ 96 ഡോക്ടര്‍മാര്‍ മരിച്ചു. ഉത്തര്‍പ്രദേശ് 67, രാജസ്ഥാന്‍ 43, ജാര്‍ഖണ്ഡ് 39, ആന്ധ്രപ്രദേശും തെലങ്കാനയും 32 വീതം എന്നിങ്ങനെയാണ് ഡോക്ടര്‍മാരുടെ മരണസംഖ്യയില്‍ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങളിലെ കണക്കുകള്‍.

Top