നീരജിനെ രക്ഷിച്ചത് കോവിഡ്! ഈ സ്വര്‍ണ്ണ തിളക്കത്തിന് പിന്നില്‍ കണ്ണീരിന്റെ കഥയുമുണ്ട്!

ന്ത്യയുടെ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സ് ചരിത്രം തിരുത്തി ആദ്യ സ്വര്‍ണജേതാവായ നീരജിന്റെ കഥ സാക്ഷാല്‍ സിനിമാ കഥയെ പോലും വെല്ലുന്നതാണ്. അതിജീവനത്തിന്റെ പുതിയ ചരിത്രം കൂടിയാണ് ജപ്പാന്റെ മണ്ണില്‍ നീരജ് കുറിച്ചിരിക്കുന്നത്.  പൊണ്ണത്തടിയുടെ പേരില്‍ പരിഹസിക്കപ്പെട്ട ഏറെ തടിയുള്ള വികൃതിപ്പയ്യനായിരുന്ന നീരജിന്റെ ബാല്യകാലം നാം അറിയുക തന്നെ വേണം.

13ാം വയസ്സിലേ 80 കിലോയായിരുന്നു നീരജിന്റെ തൂക്കം. അതുകൊണ്ടുള്ള പരിഹാസങ്ങള്‍ എത്രയാണെന്നത് സങ്കല്‍പ്പിക്കുന്നതിലും അപ്പുറമായിരുന്നു. ഇതോടെ പിതാവ് സതീഷ് കുമാര്‍ ചോപ്ര, നീരജിനെ സ്മര്‍ട്ടാക്കാനും തടികുറക്കാനുമായി അമ്മാവന്‍ സുരീന്ദര്‍ ചോപ്രയുടെ കൂടെ വിടുകയായിരുന്നു. അമ്മാവന്‍ കൊണ്ടുപോയത് നീരജിന്റെ ഗ്രാമമായ ഖന്ദേരയില്‍നിന്ന് 15 കി.മീ. അകലെയുള്ള പാനിപ്പത്തിലെ ശിവാജി സ്‌റ്റേഡിയത്തിലേക്കായിരുന്നു. കുഞ്ഞുനീരജിന്റെ ഊര്‍ജം ഓട്ടത്തിലേക്ക് തിരിച്ചുവിടാനായിരുന്നു പ്രാദേശിക കോച്ച് കൂടിയായ അമ്മാവന്റെ ശ്രമം. എന്നാല്‍ നീരജിന് ഭ്രമം കയറിയത് സ്‌റ്റേഡിയത്തില്‍ കുറച്ചുപേര്‍ പരിശീലനം നടത്തുന്ന ജാവലിന്‍ ത്രോയില്‍ ആയിരുന്നു. ചരിത്ര നിയോഗമായിരുന്നു അത്.

2016ല്‍ അണ്ടര്‍ 20 ലോകറെക്കോഡ് നേടിയ 86.48 മീറ്റര്‍ ദൂരവുമായാണ് നീരജ് ലോകശ്രദ്ധയാകര്‍ഷിച്ചത്. 18ാം വയസ്സില്‍ ഇത്ര ലോകനിലവാരത്തിലുള്ള പ്രകടനം കാഴ്ചവെച്ച മറ്റൊരു ഇന്ത്യന്‍ താരമില്ല. അന്ന് മത്സരശേഷം നീരജ് പറഞ്ഞത് തന്റെ ലക്ഷ്യം ടോക്യോയില്‍ സ്വര്‍ണമെഡലാണെന്നായിരുന്നു. റിയോ ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്നും അന്ന് ചോപ്ര പറഞ്ഞിരുന്നു. ലോക റെക്കോഡോടെ സ്വര്‍ണം കരസ്ഥമാക്കിയെങ്കിലും റിയോ ഒളിമ്പിക്‌സ് യോഗ്യത തെളിയിക്കേണ്ട സമയം അവസാനിച്ചതിനാല്‍ ചോപ്രക്ക് ഒളിമ്പിക്‌സ് പ്രവേശം നേടാന്‍ കഴിഞ്ഞില്ല. ഒളിമ്പിക്‌സിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ രാജ്യാന്തര ഫെഡറേഷന് കത്തയച്ചെങ്കിലും നടന്നിരുന്നില്ല.

പിന്നെയുള്ളത് പടിപടിയായുള്ള വളര്‍ച്ചയായിരുന്നു. 2017 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം 2018 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം. പിന്നീട് വലംകൈയുടെ മുട്ടിന് ശസ്ത്രക്രിയക്ക് വിധേയനായ നീരജിന് ഒരു വര്‍ഷത്തോളമാണ് പുറത്തിരിക്കേണ്ടി വന്നിരുന്നത്. ഇതോടെ 2020ല്‍ നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് നഷ്ടമാവുമെന്ന അവസ്ഥയുണ്ടായി. എന്നാല്‍ കോവിഡ് മൂലം ഒളിമ്പിക്‌സ് ഈ വര്‍ഷത്തേക്കു മാറ്റിയത് ഭാഗ്യമായി മാറുകയായിരുന്നു. ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ 88.07 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് തന്റെ തന്നെ മുന്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയാണ് അദ്ദേഹം ഒളിമ്പിക്‌സിനെത്തിയിരുന്നത്. ഇപ്പോള്‍ സ്വര്‍ണ്ണം കൂടി നേടിയതോടെ രാജ്യത്തിന്റെ തന്നെ സൂപ്പര്‍ ഹീറോ ആയിരിക്കുകയാണ് നീരജ്.

Top