കണ്ണൂരിലെ ഗ്രാമീണ മേഖലകളടക്കം കോവിഡ്; 5 നഗരസഭകളിലും 4 പഞ്ചായത്തുകളിലും കര്‍ശന നിയന്ത്രണം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ ഗ്രാമീണ മേഖലകളടക്കം കോവിഡ് ഭീതിയെ തുടര്‍ന്ന് അഞ്ച് നഗരസഭകളിലും നാല് പഞ്ചായത്തുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ച് കൊവിഡ് പരിശോധന വ്യാപകമാക്കാനും തീരുമാനമായി. പാനൂര്‍, ഇരിട്ടി, മട്ടന്നൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് നഗരസഭകളിലും ഇരിക്കൂര്‍, ഏഴോം, രാമന്തളി, മാട്ടൂല്‍ പഞ്ചായത്തുകളിലും ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുമാണ് പോലീസ് നിയന്ത്രണം കടുപ്പിച്ചത്.

ആന്റിജന്‍ പരിശോധനയില്‍ ഏഴോം പഞ്ചായത്തില്‍ മാത്രം 30 പേര്‍ക്കാണ് കൊവിഡ് രോഗബാധ കണ്ടെത്തിയത്. പൂര്‍ണ്ണമായും അടച്ചിട്ട തളിപ്പറമ്പ് നഗരസഭയില്‍ കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതോടെ നിയന്ത്രണം കടുപ്പിച്ചു. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള മുഴുവന്‍ പേരുടേയും പരിശോധനാ ഫലം നെഗറ്റീവായാല്‍ മാത്രമേ അടച്ചിട്ട പ്രദേശങ്ങളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയുള്ളൂവെന്ന് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര അറിയിച്ചു.

ഇരിട്ടി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ടവരും അവരുടെ ബന്ധുക്കളുമടക്കം പതിനഞ്ച് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പാപ്പിനിശ്ശേരി, കല്യാശേരി മേഖലകളും കൊവിഡ് വ്യാപന ഭീഷണിയിലാണ്.

Top