കോവിഡ് വ്യാപനം രൂക്ഷം; മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങൾ ശക്തമാക്കി

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്വകാര്യ ഓഫിസുകള്‍, തിയറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ മാര്‍ച്ച് 31 വരെ 50% പേര്‍ക്കു മാത്രം പ്രവേശനം അനുവദിച്ചാല്‍ മതിയെന്നു സര്‍ക്കാര്‍ ഉത്തരവിറക്കി. വ്യാഴാഴ്ച അര്‍ധരാത്രി വരെയുള്ള 24 മണിക്കൂറില്‍ 25,833 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ വര്‍ഷം കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം സംസ്ഥാനത്ത് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. മാസ്‌ക്‌ ധരിക്കാതെയും നിയന്ത്രണ നടപടികള്‍ പാലിക്കാതെയും ഇരുന്നാല്‍ കര്‍ശനമായ ലോക്ഡൗണ്‍ വീണ്ടും നടപ്പാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നതും അവശ്യസര്‍വീസുകള്‍ നടത്തുന്നതും അല്ലാത്തതായ എല്ലാ സ്വകാര്യ ഓഫിസുകളിലും 50% പേരെ മാത്രമേ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളുവെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ഹാജര്‍ നിലയില്‍ തീരുമാനമെടുക്കാന്‍ അധികാരം നല്‍കിയിട്ടുണ്ട്. നിര്‍മാണ മേഖലയില്‍ കുറഞ്ഞ ജീവനക്കാര്‍ മാത്രമേ പാടുള്ളു.

കൂടുതല്‍ ഷിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിച്ചു സാമൂഹിക അകലവും സുരക്ഷിതത്വവും പാലിക്കണമെന്നാണ് നിര്‍ദേശം. ഉത്തരവ് പാലിക്കാത്ത യൂണിറ്റുകള്‍ അടച്ചുപൂട്ടും. ജനിതക വ്യതിയാനം വന്ന വിവിധ തരം കൊറോണ വൈറസുകള്‍ സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ നിഗമനം. ആറു മാസത്തിനു ശേഷം ധാരാവിയില്‍ രോഗനിരക്ക് വര്‍ധിക്കുന്നതും സര്‍ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 30 കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തു.

 

Top