കേരളത്തിന് അതിര്‍ത്തിയില്‍ ഇളവുകള്‍; പരിശോധനയില്‍ അയഞ്ഞ് കര്‍ണാടക

കാസര്‍കോട്: കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ കാസര്‍കോട് തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരിശോധനയില്‍ നേരിയ ഇളവുകള്‍. ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കിലും കര്‍ശന പരിശോധന ഒഴിവാക്കാമെന്ന് പൊലീസിന് നിര്‍ദേശം ലഭിച്ചു.

തലപ്പാടി അതിര്‍ത്തി കടക്കാന്‍ കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് രണ്ടു മാസത്തിലേറെയായി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നു. തലപ്പാടിക്ക് പുറമെ, കാസര്‍കോടിനെ കര്‍ണാടകയുടെ ദക്ഷിണ കന്നഡ ജില്ലയുമായി ബന്ധിപ്പിക്കുന്ന ചെറു റോഡുകളില്‍ വരെ ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് കര്‍ണാടക പരിശോധന നടത്തി. പലവിധ പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും കര്‍ണാടക പരിശോധന തുടര്‍ന്നിരുന്നു.

ദസറ ആഘോഷം പൂര്‍ത്തിയായതോടെയാണ് തലപ്പാടി അതിര്‍ത്തിയില്‍ ഇളവുകള്‍ വന്നിരിക്കുന്നത്. മിക്ക സമയങ്ങളിലും വാഹന പരിശോധനയൊഴിവാക്കി. ഔദ്യോഗിക തീരുമാനം വന്നിട്ടില്ലെങ്കിലും പൊലീസിനോട് പരിശോധന കര്‍ശനമാക്കേണ്ടെന്ന് നിര്‍ദേശിച്ചെന്നാണ് വിവരം. ഇടറോഡുകളില്‍ നേരത്തേതന്നെ കര്‍ശന പരിശോധന കര്‍ണാടക അവസാനിപ്പിച്ചിരുന്നു.

Top