കോവിഡ് കേസുകള്‍ ഉയരുന്നു, ജനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന

ബെയ്ജിങ്: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ചൈനയിലെ പ്രധാന വ്യവസായ നഗരമായ ഷാങ്ഹായില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. രോഗവ്യാപനം നിയന്ത്രിക്കാന്‍ നഗരത്തിലെ വീടുകളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദേശം. അതികഠിനമായ കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വലിയ നിരീക്ഷണം സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

നിലവില്‍ ചൈനയിലെ കോവിഡ് ഹോട്ട്സ്പോട്ടാണ് ഷാങ്ഹായ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഭൂരിഭാഗം കോവിഡ് കേസുകളും ഷാങ്ഹായിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുതിയ കേസുകളില്‍ ചെറിയ കുറവുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ തുടരുന്നതിനാല്‍ നഗരത്തിലെ 2.6 കോടി ജനങ്ങളും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയുകയാണ്. പ്രത്യേക അനുമതിയുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് വളണ്ടിയര്‍മാര്‍ക്കും ഭക്ഷണ വിതരണക്കാര്‍ക്കും മാത്രമേ നഗരത്തില്‍ പുറത്തിറങ്ങാന്‍ അനുവാദമുള്ളു.

കര്‍ശന ലോക്ഡൗണ്‍ വ്യവസ്ഥകളിലൂടെ കടന്നുപോകുന്ന നഗരത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ അധികൃതര്‍ ഡ്രോണുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ആവശ്യത്തിന് ഭക്ഷണം ലഭിക്കാതിരുന്നതോടെ ആളുകള്‍ ബാല്‍ക്കണികളില്‍ കയറി പ്രതിഷേധിക്കുകയും പാട്ടുപാടുകയും ചെയ്ത സാഹചര്യത്തിലാണ് നിരീക്ഷണത്തിനും നിര്‍ദേശങ്ങള്‍ നല്‍കാനുമായി ഡ്രോണുകളുടെ സേവനംകൂടി ഭരണകൂടം ഉപയോഗപ്പെടുത്തിയത്.

വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്, ജനല്‍ തുറക്കരുത്, പാട്ടുപാടരുത് തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങള്‍ ഡ്രോണ്‍ മുഖാന്തരമാണ് നല്‍കുന്നത്. തെരുവുകളില്‍ മെഗാഫോണ്‍ ഉപയോഗിച്ച് അധികൃതര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ ദമ്പതിമാര്‍ വെവ്വേറെ കിടന്ന് ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് എന്നീ നിര്‍ദേശങ്ങള്‍ നല്‍കുന്നതും ഈ വീഡിയോയില്‍ കേള്‍ക്കാം. നിരീക്ഷണത്തിനായി ഷാങ്ഹായ് നഗരത്തിലൂടെ റോബോട്ടുകള്‍ പട്രോളിങ് നടത്തുന്ന വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു.

നഗരത്തിലുടനീളം കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായതോടെ പല വീടുകളിലേക്കും അവശ്യവസ്തുക്കള്‍ ലഭിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഭക്ഷ്യക്ഷാമം ഇല്ലെന്നും പകര്‍ച്ചവ്യാധി നിയന്ത്രണ നടപടികള്‍ കാരണം ഭക്ഷ്യവസ്തുക്കളുടെ വിതരണത്തില്‍ വന്ന ചെറിയ തടസമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് പ്രാദേശിക ഭരണകൂടം പറയുന്നത്. ഈ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

Top