കോവിഡ്‌: ഓട്ടോയാത്രാ വിവരം കുറിച്ചെടുക്കണം; തിരുവനന്തപുരത്ത് പുതിയ നിർദേശങ്ങൾ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തലസ്ഥാന നഗരിയില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ എംഎല്‍എമാര്‍, കളക്ടര്‍, ഡിഎംഒ എന്നിവരുടെ യോഗത്തിലാണ് തീരുമാനം.

ഓട്ടോയില്‍ സഞ്ചരിക്കുന്നവര്‍ ഓട്ടോയുടെ നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ടാക്സി യൂബര്‍ എന്നിവയില്‍ കയറുമ്പോഴും പേരും നമ്പര്‍ വിവരങ്ങളും കുറിച്ചെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമ്പര്‍ക്കമുണ്ടായവരെ എളുപ്പത്തില്‍ തിരിച്ചറിഞ്ഞ് വ്യാപനം തടയാനാണിത്. ഓട്ടോ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണു പുതിയ നിര്‍ദേശം.

പഞ്ചായത്ത് തലത്തില്‍ ചുരുങ്ങിയത് ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ സെന്ററെങ്കിലും തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് മക്കളുടെയോ അടുത്ത ബന്ധുജനങ്ങളുടെയോ വിവാഹ മരണ ചടങ്ങുകള്‍ ഒഴികെയുള്ള മറ്റ് ചടങ്ങുകളില്‍ നിന്ന് മന്ത്രിമാരും എംഎല്‍എമാരും വിട്ടു നില്‍ക്കണമെന്നും തീരുമാനമായിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു.

പുതിയ നിര്‍ദ്ദേശങ്ങളിങ്ങനെ

1∙ ആശുപത്രികളിൽ സന്ദർശകരെ നിരോധിക്കും, രോഗിയോടൊപ്പം ഒരു സഹായിയാകാം.

2∙ രാഷ്ട്രീയപാർട്ടികളുടെ സമരങ്ങളിൽ പത്തുപേരിൽ കൂടുതൽ ആളുകൾ പാടില്ല.

3∙ കല്യാണത്തിന് 50 പേരെയും മരണാനന്തര ചടങ്ങുകളിൽ 20 പേരെയും മാത്രമേ അനുവദിക്കൂ. മന്ത്രിമാരും എംഎൽഎമാരും
വിവാഹ, മരണാനന്തര ചടങ്ങുകളിൽനിന്ന് വിട്ടുനിൽക്കും.

4∙ സർക്കാർ പരിപാടികളിൽ ഇരുപതില്‍ അധികംപേർ പാടില്ല. എല്ലാ വകുപ്പുകളോടും ഇക്കാര്യം നിർദേശിക്കും.

5∙ നഗരത്തിലെ ചന്തകൾ തുറന്ന സാഹചര്യത്തിൽ ഗ്രാമങ്ങളിലെ ചന്തകളും നിയന്ത്രണങ്ങളോടെ തുറക്കും.

6∙ അതിർത്തികളിലും തീരദേശത്തും പരിശോധനകൾ ശക്തമാക്കും.

7∙ നിയന്ത്രണങ്ങൾ പാലിക്കാത്ത കടകൾ അടയ്ക്കും.

8∙ പൊതുയിടങ്ങളിൽ നിയന്ത്രണം കർശനമാക്കും.

Top