കോവിഡ് പ്രതിരോധം;കാനഡയിൽ ഹീറോയായി മലയാളി ഡോക്ടർ !

കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നവരുടെ കൂട്ടത്തില്‍ മലയാളികള്‍ക്ക് അഭിമാനമായി കൊല്ലം സ്വദേശിനിയുമുണ്ട്. ഡോ. വിദ്യാ സുനിലിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന ആ മലയാളി. ഇപ്പോഴിതാ ഒന്റാരിയോ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍ പബ്ലിക് ഹെല്‍ത്ത് ഹീറോ ആയി തിരഞ്ഞെടുത്തവരുടെ കൂട്ടത്തില്‍ വിദ്യയുമുണ്ട്. കോവിഡ് പ്രതിരോധകാലത്ത് ഉറക്കമൊഴിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണിത്.

കൊല്ലം മുളങ്കാടകം കൈരളിനഗറില്‍ പരേതനായ കുമാര്‍ കിണിയുടെയും വിജയലക്ഷ്മിയുടെയും മകളാണ് വിദ്യ. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന ഡോ. വിദ്യ, 14 വര്‍ഷമായി ഒന്റാരിയോ പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്ത് വരികയാണ്.

കൊല്ലം വിമലഹൃദയ, എസ്.എന്‍.വിമെന്‍സ് കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം മണ്ണുത്തിയില്‍നിന്ന് വെറ്ററിനറി സയന്‍സില്‍ ബിരുദം എടുത്ത വിദ്യ, തുടര്‍ന്ന് കാനഡയില്‍ നിന്നാണ് പബ്ലിക് ഹെല്‍ത്തില്‍ ബിരുദാനന്തരബിരുദവുമെടുത്തത്. കാനഡയിലെ നാഷണല്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയില്‍ ഫീല്‍ഡ് എപ്പിഡമോളജി ട്രെയിനിങ്ങും അവര്‍ പൂര്‍ത്തിയാക്കി.

പകര്‍ച്ചവ്യാധി പര്യവേഷണത്തിലൂടെ ലഭിക്കുന്ന ഡേറ്റ ശേഖരിച്ച് പൊതുജനാരോഗ്യം കാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയാണ് വിദ്യയുടെ ടീം ചെയ്യുന്നത്.

നിലവിലുള്ള 70 ശതമാനം മൃഗജന്യരോഗങ്ങളും വന്യജീവികളില്‍നിന്ന് വരുന്നവയാണ്. കോവിഡ് പോലും അത്തരത്തിലാണെന്ന നിഗമനത്തിലാണ് ശാസ്ത്രലോകം എത്തിനില്‍ക്കുന്നത്. വുഹാനിലെ സീഫുഡ് മാര്‍ക്കറ്റാണ് പ്രഭവകേന്ദ്രം എന്നതില്‍നിന്ന് പാമ്പും തവളയുമടക്കം അവിടത്തെ ഭക്ഷണശീലത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തേണ്ട സമയം കൂടിയാണിതെന്നും വിദ്യ അഭിപ്രായപ്പെടുന്നു.

ഒന്റാരിയോയിലെ ജനസംഖ്യയേക്കാള്‍ 2.5 ഇരട്ടി ജനസംഖ്യയുള്ള കേരളത്തിലെ ആരോഗ്യമേഖല കാണിക്കുന്ന ശുഷ്‌കാന്തി എടുത്തുപറയേണ്ടതാണ്. ബ്രേക്ക് ദ ചെയിന്‍ കാമ്പെയിന്‍, സാമൂഹിക അടുക്കള, കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും വിദ്യ പറഞ്ഞു.

കോവിഡും നിപ്പയും വന്ന സാഹചര്യത്തില്‍ വിവിധ ആരോഗ്യമേഖലകളുടെ സംയോജിത ഗവേഷണത്തിനുള്ള വേദി കേരളത്തില്‍ ഉണ്ടാകണം. മനുഷ്യാരോഗ്യം, മൃഗാരോഗ്യം, പരിസ്ഥിതി ആരോഗ്യം എന്നിവ കൂട്ടിയിണക്കിയുള്ള ഗവേഷണങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും വിദ്യ അഭിപ്രായപ്പെട്ടു.

സാമൂഹിക അകലവും സ്വയം നിരീക്ഷണവും വ്യക്തിശുചിത്വവും തന്നെയാണ് കോവിഡ് പ്രതിരോധത്തിനുള്ള ശക്തമായ ആയുധങ്ങള്‍. രോഗവ്യാപനരീതിയും സാമൂഹിക വ്യാപനവും മനസ്സിലാക്കുന്നതില്‍ ഡേറ്റാ മാനേജ്‌മെന്റിന് വലിയ പ്രാധാന്യം ഉണ്ടെന്നും കൃത്യമായ ഡേറ്റ നല്‍കുകയും സുതാര്യമായി കാര്യങ്ങള്‍ അവതരിപ്പിക്കുകയും പ്രധാനമാണെന്നും അവര്‍ പറഞ്ഞു.

ഒരു കേസ് നിങ്ങള്‍ പ്രതിരോധിച്ചാല്‍ വരുന്ന 16 ദിവസങ്ങളില്‍ 32 കേസുകള്‍ പ്രതിരോധിക്കുന്നതുപോലെയാണ്. അതാണ് ഹീറോയിസം. അങ്ങനെവരുമ്പോള്‍ ഈ രീതി അനുസരിക്കുന്ന ഓരോ പൗരനും ആണ് യഥാര്‍ഥ ഹീറോ എന്നും വിദ്യ പറഞ്ഞു.

Top